കണ്ണൂർ: നവകേരളം യുവകേരളം പരിപാടിയുടെ നടത്തിപ്പിനായുള്ള വെബ്പോർട്ടൽ ടി.വി.രാജേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇനിയും നടപ്പാക്കേണ്ട പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികളിൽനിന്ന്‌ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായാണിത്.

കണ്ണൂർ സർവകലാശാലാ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നവകേരളം യുവകേരളം വെബ്സൈറ്റ് ലിങ്കിൽ പ്രവേശിച്ച് മുഖ്യമന്ത്രിയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ, നിർദേശങ്ങൾ, അഭിപ്രായങ്ങൾ എന്നിവ വിദ്യാർഥികൾ, അധ്യാപകർ, ഗവേഷകർ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ എന്നിവർക്ക് ഫെബ്രുവരി അഞ്ചുവരെ സമർപ്പിക്കാം.

സിൻഡിക്കേറ്റംഗം ഡോ. വി.പി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. ഐ.ടി ഡയറക്ടർ ഡോ. സുനിൽ കുമാർ, സിൻഡിക്കേറ്റംഗങ്ങളായ പ്രമോദ് വെള്ളച്ചാൽ, ഡോ. രാഖി രാഘവൻ, സെനറ്റംഗം ഡോ. ജോബി കെ. ജോസ്, രജിസ്ട്രാർ ഇൻചാർജ് ഇ.വി.പി. മൊഹമ്മദ്, മാങ്ങാട്ടുപറമ്പ് കാമ്പസ് ഡയറക്ടർ ഡോ. വി.എ വിൽസൺ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ ടി.കെ. ശിശിര എന്നിവർ സംസാരിച്ചു.