തിരുവനന്തപുരം: ജനവിധിക്ക് കാത്തുനിൽക്കാതെ, ജീവിതവിധിക്ക് വിധേയനായ പി.കെ. ശ്രീനിവാസന്റെ പിൻഗാമിയാണ് വി.വി.പ്രകാശ്.

പി.കെ. ശ്രീനിവാസന്റെ മരണത്തെ അനുസ്മരിപ്പിക്കുന്നതാണ് പ്രകാശിന്റെ മരണം. വോട്ടെണ്ണുന്നതിന് തലേന്നായിരുന്നു ശ്രീനിവാസന്റെ മരണം.

പ്രചാരണത്തിനിടെ മരിച്ചവരിൽ പ്രധാനിയാണ് ബാബു ചാഴിക്കാടൻ.

1996-ൽ പുനലൂരിൽ മത്സരിച്ച സി.പി.ഐ. നേതാവ് പി.കെ. ശ്രീനിവാസൻ വോട്ടെണ്ണുന്നതിന്റെ തലേന്ന് മേയ് ഏഴിനാണ് ഹൃദയാഘാതംമൂലം അന്തരിച്ചത്. സിറ്റിങ്‌ എം.എൽ.എ.യായ കോൺഗ്രസിലെ പുനലൂർ മധുവായിരുന്നു എതിരാളി. 6698 വോട്ടിന് ശ്രീനിവാസൻ വിജയിച്ചു.

ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ പി.കെ.ശ്രീനിവാസന്റെ മകൻ എൽഎൽ.ബി വിദ്യാർഥിയായിരുന്ന പി.എസ്. സുപാലായിരുന്നു ഇടതുമുന്നണി സ്ഥാനാർഥി. കോൺഗ്രസിൽനിന്ന് ഭാരതീപുരം ശശിയായിരുന്നു എതിരാളി. സുപാലിന് 21,333 വോട്ടിന്റെ വിജയം.

ഇടിമിന്നലേറ്റായിരുന്നു ബാബു ചാഴിക്കാടന്റെ മരണം. 1991 മേയ് 15-ന് ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചുനടന്ന വേള. കോട്ടയത്തുനിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച രമേശ് ചെന്നിത്തലയും ഏറ്റുമാനൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ച ബാബു ചാഴിക്കാടനും തുറന്ന ജീപ്പിൽ ജനങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് പോകവേ ആർപ്പൂക്കര വാരിമുട്ടം പാലത്തിനടുത്തുെവച്ചായിരുന്നു ഇടിമിന്നലേറ്റ് ബാബുവിൻറെ മരണം. ചെന്നിത്തല കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ‘ഒരു തീനാളം താഴോട്ടുപതിച്ചു, പിന്നെ ഓർമപോയി’ എന്നാണ് സംഭവത്തെക്കുറിച്ച് ചെന്നിത്തല പിന്നീട് പറഞ്ഞത്. ചെറിയ മഴയോടൊപ്പം മിന്നലിലായിരുന്നു ബാബുവിന്റെ മരണം. ചാഴിക്കാടൻ മരിച്ചത് രമേശ് അറിഞ്ഞത് മണിക്കൂറുകൾക്കുശേഷം ബോധംതെളിഞ്ഞപ്പോഴാണ്.

ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പ് മാറ്റിെവച്ചു. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയശേഷമാണ് പിന്നീട് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ്. സ്ഥാനാർഥിയായി ബാബു ചാഴിക്കാടന്റെ സഹോദരൻ തോമസ് ചാഴിക്കാടനെത്തി. ബാങ്ക് മാനേജർ ജോലി ഉപേക്ഷിച്ചെത്തിയ അദ്ദേഹം സി.പി.എം. നേതാവ് വൈക്കം വിശ്വനെ 886 വോട്ടിന് പരാജയപ്പെടുത്തി.