തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ പൂമംഗലം വില്ലേജ് കല്പറമ്പ് ദേശത്ത് കൊളങ്ങര വീട്ടിൽ ഹെൽവിന്റെ (22) ജാമ്യാപേക്ഷ തൃശ്ശൂർ ഒന്നാം അഡീഷണൽ ജില്ലാജഡ്ജി പി.എൻ. വിനോദ് തള്ളി.

കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന്, പ്രതിയുടെ വീട്ടുകാർ പെൺകുട്ടിയുടെ വീട്ടുകാരുമായി ധാരണയിലെത്തുകയും പ്രായപൂർത്തിയാകുന്ന മുറയ്ക്ക് പ്രതിയെക്കൊണ്ട് പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. അതുസംബന്ധിച്ച് സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.

എന്നാൽ, പോക്സോ കേസുകളിൽ ഇത്തരം കീഴ്വഴക്കങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശംനൽകുമെന്നും അത് പോക്സോനിയമത്തിന്റെ അന്തഃസത്തയ്ക്ക് നിരക്കുന്നതല്ലെന്നും സുപ്രീംകോടതി ഈയിടെ നൽകിയ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി പ്രതിക്ക് ജാമ്യംനൽകാൻ കഴിയില്ലെന്നുമുള്ള പോക്സോ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലിജി മധുവിന്റെ വാദം പരിഗണിച്ച് കോടതി ജാമ്യപേക്ഷ തള്ളുകയായിരുന്നു.