തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിക്കാൻ പാടില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ വീഴ്ചകൾ പുറത്തുവരുന്നതിലെ വിഭ്രാന്തിമൂലമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോരായ്മകൾ ചൂണ്ടിക്കാട്ടുന്നവരുടെ വായടപ്പിക്കാൻ നോക്കിയാൽ നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

വിമർശിക്കുന്നവരെ ആക്ഷേപിക്കുന്ന കടകംപള്ളി സുരേന്ദ്രന് ശകുനിയുടെ മനസ്സാണ്. അഹങ്കാരവും ധാർഷ്ട്യവുമാണദ്ദേഹത്തിന്. കടകംപള്ളിയുടെ തമ്പുരാൻമനസ്സ് ജനാധിപത്യത്തിൽ വിലപ്പോവില്ല. കേരളമെന്നാൽ പിണറായി എന്നാണ് കടകംപള്ളിയുടെ ധാരണ.

രോഗികളുടെ ശരിയായ കണക്കുകൾ പുറത്തുവരുന്നില്ല. രോഗികളുടെ വിവരമറിയാൻ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനംവരെ കാത്തിരിക്കേണ്ടിവരുന്നു. പാലക്കാട് ഒരു പോലീസുദ്യോഗസ്ഥന് രോഗമുണ്ടെന്നുതെളിഞ്ഞത് നാലുദിവസം മുമ്പാണ്. എന്നാൽ, മുഖ്യമന്ത്രി ഇതുവരെ അതുപ്രഖ്യാപിച്ചില്ല. കണക്കുകൾ കുറച്ചുകാണിച്ച് കേരളം നമ്പർ വണ്ണാണെന്ന് വീമ്പടിക്കാനാണിത്. ഇത്തരം വീഴ്ചകളാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ ചൂണ്ടിക്കാട്ടിയത്.

സർക്കാരുദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞപ്പോൾ അതിനെ മറികടക്കാൻ ഓർഡിനൻസ് ഇറക്കുന്നത് നിയമവ്യവസ്ഥയോടും കോടതിയോടുമുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.