മലപ്പുറം: കേന്ദ്രസർക്കാർ ജീവനക്കാർ ഇനി പണിക്കിറങ്ങുന്നതിനുമുമ്പ് ’ആരോഗ്യസേതു’വിനോട് അനുമതി ചോദിക്കണം. കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് കർശനമായ നിർദേശം പുറപ്പെടുവിച്ചത്.

കൊറോണ 19 പടരുന്ന പശ്ചാത്തലത്തിൽ വിവരസാങ്കേതിക മന്ത്രാലയം തയ്യാറാക്കിയ ആപ്ലിക്കേഷനാണ് ആരോഗ്യസേതു. ഇത് എല്ലാവരോടും സ്വന്തം മൊബൈൽഫോണിൽ ഇൻസ്റ്റാൾചെയ്യാൻ കേന്ദ്രം നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് കർശന നിർദേശം വരുന്നത്.

എല്ലാ കേന്ദ്ര ഉദ്യോഗസ്ഥരും ജീവനക്കാരും നിർബന്ധമായും ഈ ആപ്പ് ഡൗൺലോഡ് ചെയ്യണം. രാവിലെ പണിക്കിറങ്ങുന്നതിനുമുമ്പ് ആപ്പ് ഓണാക്കി അതിലെ ചോദ്യങ്ങൾക്ക് മറുപടിനൽകണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ, മേൽക്കാണിച്ച എന്തെങ്കിലും ലക്ഷണങ്ങളുണ്ടോ, യാത്രകൾ നടത്തിയിട്ടുണ്ടോ, കോവിഡ് ബാധിതരെന്നു സംശയിക്കുന്നവരുമായി ഇടപഴകിയിട്ടുണ്ടോ തുടങ്ങിയ കുറേ ചോദ്യങ്ങളാണ് ചോദിക്കുക. അതിന് കൃത്യമായ മറുപടിനൽകിയാൽ തിരിച്ച് സന്ദേശംവരും. ’സേഫ്’, ’ലോ റിസ്‌ക്’ എന്നീ സന്ദേശങ്ങൾ വന്നാൽമാത്രം ധൈര്യമായി ജോലിക്ക് പുറപ്പെടാം. ’ഹൈ റിസ്‌ക് ’, ’മോഡറേറ്റ് ’ എന്നീ സന്ദേശങ്ങൾ കണ്ടാൽ ഉടനെ അധികൃതരെ അറിയിക്കുകയും 14 ദിവസം ക്വാറന്റൈൻ ഇരിക്കുകയുംചെയ്യണം. ഈ ദിവസങ്ങൾക്കുശേഷവും ആരോഗ്യസേതു ആപ്പിന്റെ നിർദേശപ്രകാരമേ ജോലിക്ക് കയറാൻ പാടൂ.

എല്ലാ വകുപ്പുകളിലും ഈ നിർദേശം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഒരു അഡ്മിനിസ്‌ട്രേഷൻ ജോയിന്റ് സെക്രട്ടറിയെത്തന്നെ നിയോഗിച്ചിട്ടുണ്ട്.

ആപ്പ് സ്റ്റോറിൽനിന്നും പ്ലേസ്റ്റോറിൽനിന്നും ഈ ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. 11 ഭാഷകളിൽ ലഭിക്കും. മൊബൈൽനമ്പർ രജിസ്റ്റർചെയ്ത് വ്യക്തിഗത വിവരങ്ങൾ ചേർത്താൽ മതി. ഇപ്പോൾത്തന്നെ സൗജന്യ ആപ്പുകളിൽ ഏറ്റവും മുന്നിലാണ് ആരോഗ്യസേതു.