കാസർകോട്: കോൺഗ്രസ് പാർട്ടി കേഡർ ആവുകയല്ലെന്നും എന്നാൽ ആർക്കും എന്തും പറയാവുന്ന ആൾക്കൂട്ടമായി മാറുകയില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കാസർകോട് ഡി.സി.സി. ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിക്ക് ഒരു ചട്ടക്കൂട് തയ്യാറാക്കുമെന്നും അതിനകത്തുനിന്നുകൊണ്ട് പരസ്പരവിശ്വാസത്തോടുകൂടി ഉൾപ്പാർട്ടി ചർച്ചകൾ നടത്തി കൂട്ടായ നേതൃത്വം ഉണ്ടാക്കി മുന്നോട്ടുപോകും.

കോൺഗ്രസിൽ ഇപ്പോൾ ഒരു പ്രശ്നവുമില്ല. ചില മുതിർന്ന നേതാക്കളുമായി ശരിയായ രീതിയിൽ ആശയവിനിമയം നടന്നില്ലെന്ന് പരാതിയുണ്ട്. അവ പരിഹരിക്കും.

പാർട്ടി പുനഃസംഘടനയുടെ രണ്ടാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ചർച്ചകൾ നടത്തുന്നുണ്ട്. കെ.പി.സി.സി. നേതൃത്വം തീരുമാനിച്ചതുപോലെ സമയബന്ധിതമായി പുനഃസംഘടനാജോലികൾ പൂർത്തിയാക്കും. സാമ്പത്തികതട്ടിപ്പ് കേസിൽ പിടിയിലായ മോൺസൺ മാവുങ്കലുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരേ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരാതിക്കാരൻ ആദ്യം ചാനലിലൂടെ പറഞ്ഞത് കെ.പി.സി.സി. പ്രസിഡന്റുമായി ബന്ധമില്ലെന്നാണ്. പന്നീടാണ് ബന്ധമുണ്ടെന്ന് പറഞ്ഞത്. രാഷ്ട്രീയനേതാക്കൾ പൊതുജനങ്ങളുമായി ബന്ധപ്പെടുന്നവരാണ്. പലസ്ഥലങ്ങളിലും പരിപാടികളിലും പോകുന്നവരാണ്. നേതാക്കളുമായി പലരും ഫോട്ടോയും എടുക്കും. പിന്നീടായിരിക്കും ചിലർ കേസുകളിൽ പിടിക്കപ്പെടുന്നത്. രാഷ്ട്രീയക്കാർക്കെതിരേ ഒരു ആക്ഷേപം ഉണ്ടായാൽ അത് പൊലിപ്പിക്കാനും ആളുകൾ ഉണ്ടാകും.

മോൺസൺ മാവുങ്കലിനെ പലപ്പോഴും കണ്ടിട്ടുണ്ട്. പരിപാടികളിലൊക്കെ ഇയാൾ വരുമ്പോൾ സുരക്ഷാജീവനക്കാരുടെ കൂടെയാണ് വരുന്നത്. അതിനാൽതന്നെ ശ്രദ്ധിക്കപ്പെടും. ഇങ്ങനെ കാണുന്നവരൊക്കെ എങ്ങനെയുള്ളവരാണെന്ന് മുൻകൂട്ടി അറിയാൻ മനസ്സറിയുന്ന യന്ത്രങ്ങളൊന്നും ഇല്ലല്ലോ എന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.