കണ്ണൂർ: കണ്ണൂർ സർവകലാശാലയ്ക്കുകീഴിലുള്ള വിവിധ കോളേജുകളിൽ ഈ അധ്യയനവർഷത്തെ ഡിഗ്രി പ്രവേശനം തുടങ്ങി. നാലാംഘട്ട അലോട്ട്‌മെന്റ് നടപടികൾക്കുശേഷമാണ് പ്രവേശനം തുടങ്ങിയത്. ആദ്യദിനമായ ചൊവ്വാഴ്ച സയൻസ്, ബി.സി.എ. വിദ്യാർഥികളാണ് പ്രവേശനം നേടിയത്. കൊമേഴ്സ് വിഷയം തിരഞ്ഞെടുത്തവർക്കുള്ള പ്രവേശനം 29, 30 തീയതികളിൽ നടക്കും. ബി.എ. ഭാഷാവിഷയങ്ങൾക്ക് ഒക്ടോബർ ഒന്നിനും ഭാഷാ ഇതര ബി.എ., ബി.എസ്.ഡബ്ള്യു വിഷയങ്ങൾക്ക് ഒക്ടോബർ ഒന്ന്, നാല് തീയതികളിലും പ്രവേശനം നടത്തും.

ഹയർ ഓപ്ഷൻ നിലനിർത്തുന്നവർ ഇപ്പോൾ അലോട്ട്മെൻറ് ലഭിച്ച കോളേജിൽ താത്‌കാലിക പ്രവേശനം നേടണമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. സർട്ടിഫിക്കറ്റുകളെല്ലാം അലോട്ട്മെൻറ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തണം. ഇവർ മറ്റു ഫീസുകൾ കോളേജിൽ അടയ്ക്കേണ്ടതില്ല. പ്രസ്തുത വിദ്യാർഥികൾക്ക് അടുത്ത അലോട്ട്മെൻറുകളിൽ ഹയർ ഓപ്ഷൻ ലഭിച്ചാൽ നിലവിൽ പ്രവേശനം നേടിയ കോളേജിൽനിന്നും സർട്ടിഫിക്കറ്റുകൾ തിരിച്ചുവാങ്ങി പുതുതായി അലോട്ട്മെൻറ് ലഭിച്ച കോളേജിൽ പ്രവേശനം നേടാം. താത്‌കാലികമായി പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് പ്രിൻസിപ്പൽമാർക്ക് നൽകിയിരിക്കുന്ന നിർദേശം.

ആദ്യഘട്ട പ്രവേശനനടപടികൾ പൂർത്തിയായശേഷം ഒക്ടോബർ 20-ന്‌ അഞ്ചാംഘട്ട അലോട്ട്മെൻറ് നടത്തും. ഇതിലും വിദ്യാർഥികൾ വരാതെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുണ്ടെങ്കിൽ സ്പോട്ട് അഡ്‌മിഷൻ നടത്തി പ്രവേശനനടപടികൾ പൂർത്തിയാക്കും.

പ്രവേശനത്തിനെത്തുന്ന വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിക്കാനായി ഉത്സവച്ചായയിലായിരുന്നു ചൊവ്വാഴ്ച ജില്ലയിലെ മിക്ക കലാലയങ്ങളും. നവാഗതരുടെ ശ്രദ്ധയാകർഷിക്കുന്നതിനായി വിവിധ വിദ്യാർഥിയൂണിയനുകളുടെ നേതൃത്വത്തിൽ കോളേജ് അങ്കണവും കവാടവും അലങ്കരിച്ചിരുന്നു.