കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഉയർന്ന വിവിധ പരാതികളുടെ അടിസ്ഥാനത്തിൽ ജില്ലയിൽ രണ്ട് അന്വേഷണ കമ്മിഷനുകളെയാണ് പാർട്ടി നിയോഗിച്ചിരുന്നുത്. കേരള കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച പെരുമ്പാവൂരും പിറവത്തും വന്ന പരാതികൾ മുതിർന്ന നേതാക്കളായ സി.എം. ദിനേശ് മണി, പി.എം. ഇസ്മയിൽ എന്നിവരാണ് അന്വേഷിച്ചത്.

പിറവത്ത് കേരള കോൺഗ്രസ് സ്ഥാനാർഥിയിൽനിന്ന് പണം വാങ്ങിയതുൾപ്പെടെ പാർട്ടിക്ക് നിരക്കാത്ത കാര്യങ്ങൾ നടന്നുവെന്ന് അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു. നേതാക്കൾ ഉണർന്നു പ്രവർത്തിച്ചില്ല. സീറ്റ് കേരള കോൺഗ്രസിന് പോയപ്പോൾ മുതൽ പെരുമ്പാവൂരിൽ ചുമതലയുണ്ടായിരുന്നവർ പേരിനു മാത്രമാണ് പ്രവർത്തനങ്ങളിൽ ഉണ്ടായത്. പണം നൽകിയിട്ടും നേതാക്കൾ പ്രവർത്തിച്ചില്ലെന്ന പരാതി സ്ഥാനാർഥി ബാബു ജോസഫും ഉന്നയിച്ചു.

പിറവത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യംമുതൽതന്നെ ചുമതലയുണ്ടായിരുന്ന മുതിർന്ന നേതാക്കൾ മാറി നിന്നു. ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടിട്ടാണ് അവിടെ പ്രവർത്തനങ്ങൾതന്നെ തുടങ്ങിയത്. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പാർട്ടി തീരുമാനത്തിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് ഗുരുതര കുറ്റമായാണ് അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. ഏരിയ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പാർട്ടിവിരുദ്ധ പ്രവർത്തനമാണ് നടന്നതെന്നും കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അരുൺ സത്യൻ, വരുൺ വി. മോഹൻ എന്നിവർക്കെതിരേയും നടപടി വന്നത്.

തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും ഉയർന്ന പരാതികൾ ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബ്ബുമാണ് അന്വേഷിച്ചത്.

തൃക്കാക്കരയിൽ സ്വതന്ത്ര സ്ഥാനാർഥി വരുന്നുവെന്നറിഞ്ഞപ്പോൾ മുതൽ തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതലക്കാർ പ്രവർത്തനങ്ങളിൽനിന്ന് പിന്നോട്ടു പോയി. പല ബൂത്തുകളിലും പാർട്ടിയുടെ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല. സ്ലിപ്പ് വിതരണം പോലും വേണ്ട രീതിയിൽ നടന്നില്ല. സ്ഥാനാർഥിമോഹികളായിരുന്ന നേതാക്കൾ ബോധപൂർവം പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നതായും കമ്മിഷൻ കുറ്റപ്പെടുത്തിയിരുന്നു.

തൃപ്പൂണിത്തുറയിൽ സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് തന്നെ പ്രവർത്തനങ്ങളിൽ വന്ന വീഴ്ചകൾ അന്വേഷണ കമ്മിഷനു മുന്നിൽ വ്യക്തമാക്കി. ശക്തികേന്ദ്രങ്ങളിൽപ്പോലും പാർട്ടി പിന്നിൽ പോയതിനു പിന്നിൽ നേതൃത്വത്തിന്റെ ബോധപൂർവമായ ഇടപെടൽ ഉണ്ടായെന്ന ആരോപണം കമ്മിഷൻ ശരിവെക്കുകയായിരുന്നു.