കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപിതരായ സി.പി.എം. നേതാക്കള്‍ക്കെതിരേ സംസ്ഥാന നേതൃത്വം കടുത്ത നടപടിയെടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പത്ത്‌ നേതാക്കളെ ഒരു വര്‍ഷത്തേക്ക് സസ്പെൻഡ്‌ ചെയ്തു. കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി.

ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.കെ. മണിശങ്കര്‍, എന്‍.സി. മോഹനന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എന്‍. സുന്ദരന്‍, പി.കെ. സോമന്‍, വി.പി. ശശീന്ദ്രന്‍ എന്നിവരേയും െവെറ്റില ഏരിയാ സെക്രട്ടറി കെ.ഡി. വിന്‍സെന്റ്, പെരുമ്പാവൂര്‍ ഏരിയാ സെക്രട്ടറി പി.എം. സലിം, ഏരിയാ കമ്മിറ്റി അംഗങ്ങളായ സാജു പോള്‍, എം.ഐ. ബീരാസ്, ആര്‍.എം. രാമചന്ദ്രന്‍ എന്നിവരെയും കൂത്താട്ടുകുളം ഏരിയയിലെ പാര്‍ട്ടി അംഗങ്ങളായ അരുണ്‍ സത്യന്‍, അരുണ്‍ വി. മോഹന്‍ എന്നിവരേയും പാര്‍ട്ടിയില്‍നിന്ന്‌ ഒരു വര്‍ഷത്തേക്ക് സസ്പെൻഡ്‌ ചെയ്തു.

പെരുമ്പാവൂര്‍ ഏരിയാ കമ്മിറ്റി അംഗമായ സി.ബി.എ. ജബ്ബാറിനെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കും.

െസപ്റ്റംബര്‍ പതിനാലിനു ചേര്‍ന്ന ജില്ല നേതൃ യോഗങ്ങളില്‍ തരംതാഴ്ത്തല്‍, ശാസന തുടങ്ങിയ നടപടികളാണ് തീരുമാനിച്ചിരുന്നത്. വിശദീകരണക്കുറിപ്പില്‍ ഖേദം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ആറുപേരെ നടപടിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ജില്ല നേതൃത്വം നടപടി മയപ്പെടുത്തി നേതാക്കളെ രക്ഷിച്ചുവെന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റും ജില്ല നേതൃത്വത്തിന്റെ നടപടികളെ അങ്ങനെയാണ് വിലയിരുത്തിയത്. മറ്റ് ജില്ലകളിലെല്ലാം കടുത്ത നടപടി വന്നപ്പോള്‍ എറണാകുളത്ത് മാത്രം നടപടി ലഘൂകരിച്ചതിനെ സംസ്ഥാന നേതൃത്വം രൂക്ഷമായി വിമര്‍ശിച്ചു. സെക്രട്ടേറിയറ്റ് നേതാക്കള്‍ക്കെതിരേയുള്ള നടപടിയും തീരുമാനിച്ചു. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന്റേയും ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റേയും സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വലിയ ചര്‍ച്ചകള്‍ക്കൊന്നും ഇട നല്‍കാതെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം നേതാക്കള്‍ അറിയിക്കുകയായിരുന്നു.

പെരുമ്പാവൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയില്‍നിന്ന് പണം വാങ്ങിയത് വലിയ കുറ്റമായി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയിട്ടും ജില്ലാ നേതൃത്വം കടുത്ത നടപടി സ്വീകരിക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു. പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്ന കേരള കോണ്‍ഗ്രസ്-എം. ജില്ല പ്രസിഡന്റ് സി.പി.എം. നടപടിയെ പരസ്യമായി കളിയാക്കിയിരുന്നു. ഇതെല്ലാം പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.

പിറവത്ത് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയപ്പോള്‍ ഏരിയ സെക്രട്ടറിയായിരുന്ന ഷാജു ജേക്കബ് അതിനെതിരേ പരസ്യമായി രംഗത്തുവന്നു. പാര്‍ട്ടി തീരുമാനത്തിനെതിരേ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതടക്കമുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തി. ഷാജു ജേക്കബ്ബിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാനും ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കാനുമാണ് ജില്ലാ നേതൃ യോഗങ്ങളില്‍ ആദ്യം തീരുമാനിച്ചിരുന്നത്. അതും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. കൂത്താട്ടുകുളത്ത് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എം.സി. സുരേന്ദ്രനും പെരുമ്പാവൂരില്‍ പി.ആര്‍. മുരളീധരനും വൈറ്റിലയില്‍ ജോണ്‍ ഫെര്‍ണാണ്ടസിനും സെക്രട്ടറിമാരുടെ ചുമതല നല്‍കി. ഏരിയാ കമ്മിറ്റി വിളിച്ച് ബുധനാഴ്ച തന്നെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യും. തുടര്‍ന്ന് ബ്രാഞ്ച് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ളവരുടെ യോഗം വിളിച്ച് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യും.