കോന്നി(പത്തനംതിട്ട): പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടെങ്കിലും തുടർനടപടികൾ ആരംഭിച്ചില്ല. ഡൽഹിയിലെ സി.ബി.ഐ. ആസ്ഥാനത്തുനിന്ന്‌ ഉത്തരവുകളൊന്നും പുറപ്പെടുവിക്കാത്തതാണ് അന്വേഷണം ഏറ്റെടുക്കാൻ താമസത്തിന് കാരണം.

ഡയറക്ടറേറ്റിൽനിന്ന്‌ ചെന്നൈയിലെ ഡി.ഐ.ജി. ഓഫീസ് വഴിയാണ് തീരുമാനം വരേണ്ടത്. സി.ബി.ഐ.ക്ക് വിട്ടതോടെ പോലീസ് അന്വേഷണം ചട്ടപ്പടിയായി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കോന്നി ഇൻസ്‌പെക്ടറെ മാറ്റിയതിനെതിരേ നിക്ഷേപകരിൽ ചിലർ പരാതിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കേസന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുന്നതുവരെ അന്വേഷണഉദ്യോഗസ്ഥനെ മാറ്റരുതെന്നാണ് ഇവരുടെ ആവശ്യം.

പോലീസ് അന്വേഷണം നിലച്ച മട്ടായതോടെ ഉടമകളും അവരുടെ സഹായികളും രക്ഷപെടാനുള്ള പഴുതുകൾ കണ്ടെത്തുമെന്നാണ് നിക്ഷേപകരുടെ ആശങ്ക. തുടക്കത്തിൽ വകയാർ ഹെഡ് ഓഫീസിൽ സമരത്തിൽ ഉണ്ടായിരുന്ന തുമ്പമൺ സ്വദേശിയായ നിക്ഷേപകന് ഈ സംഭവത്തെത്തുടർന്ന് ഹൃദ്രോഗം ഉണ്ടായി. പോപ്പുലറിൽ നിക്ഷേപിച്ചിരുന്ന പണം തിരികെക്കിട്ടാതെവന്നതോടെ വകയാറിൽ ഒരു വിവാഹവും മുടങ്ങിയിട്ടുണ്ട്.