കാഞ്ഞങ്ങാട്: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഡോ. അംബികാസുതൻ മാങ്ങാടിന്റെ ’ചിന്നമുണ്ടി’ പുസ്തകം ബുധനാഴ്ച പ്രകാശനം ചെയ്യും. വൈകുന്നേരം നാലിന് നീലേശ്വരം മരക്കാപ്പിലെ പയനാടൻ കുതിരിലാണ് പ്രകാശനച്ചടങ്ങ്. തെയ്യം കലാകാരൻ പി.കെ.ആർ.പണിക്കരിൽനിന്ന്‌ ചെറുകഥയിലെ കഥാപാത്രങ്ങളായ കെ.പ്രവീൺകുമാറും മകൾ സെഹ്‌റാ സിതാരയും പുസ്തകം ഏറ്റുവാങ്ങും.

അംബികാസുതന്റെ 21-ാമത് ചെറുകഥാ സമാഹാരമാണിത്. ചിന്നമുണ്ടി ഉൾപ്പെടെ 10 കഥകളാണിതിലുള്ളത്. ഒരുകാലത്ത് ഏറെ സവിശേഷമായി കരുതിയിരുന്ന പയനാടൻ നെല്ലിനെക്കുറിച്ച് പൊട്ടൻതെയ്യത്തിന്റെ തോറ്റംപാട്ടിൽ പറയുന്നുണ്ട്. ഇതേക്കുറിച്ചുള്ള എഴുത്തുകാരന്റെ അന്വേഷണമാണ് ചിന്നമുണ്ടിയുടെ പിറവിയിലേക്കെത്തിയത്. വംശനാശം നേരിടുന്ന കൊക്കാണ് ചിന്നമുണ്ടി. സമാഹാരത്തിലെ കഥകളേറെയും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാണ്.