മട്ടന്നൂർ: കോവിഡ് പരിശോധന നടത്തിയ ലാബിന്റെ അംഗീകാരം ദുബായ് ഭരണകൂടം റദ്ദാക്കിയതോടെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 120-ലധികം പേരുടെ യാത്ര മുടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയവരുടെ യാത്രയാണ് മുടങ്ങിയത്. വിമാനക്കമ്പനിയിൽനിന്ന് യഥാസമയം അറിയിപ്പ് ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു.

കേരളത്തിലെ മൈക്രോ ഹെൽത്ത് ലാബിന്റെ അംഗീകാരമാണ് ദുബായ് റദാക്കിയത്. ഡൽഹിയിലെ രണ്ട് ലാബുകളെയും ജയ്‌പുരിലെ ഒരു ലാബിനെയും ഇതോടൊപ്പം കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. മൈക്രോ ഹെൽത്ത് ലാബിൽനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ യാത്രക്കാർക്കാണ് യാത്ര ചെയ്യാനാകാതെ വന്നത്. ചെക്ക് ഇൻ ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.

തലേന്ന് രാത്രി ഫെയ്സ്ബുക്കിലാണ് വിലക്ക് സംബന്ധിച്ച് വിമാനക്കമ്പനിയുടെ അറിയിപ്പ് ലഭിച്ചതെന്നും പലരും ഇത് അറിഞ്ഞില്ലെന്നും യാത്രക്കാർ പറഞ്ഞു. ലാബ് അധികൃതരോട് ഇക്കാര്യം ആരാഞ്ഞപ്പോൾ വിമാനത്താവളത്തിൽ എത്താനും പ്രശ്നം പരിഹരിക്കുമെന്നും അറിയിച്ചതായി പറയുന്നു. ദുബായിലെത്തി ജോലിയിൽ പ്രവേശിക്കാനുള്ളവരടക്കമുള്ളവരുടെ യാത്രയാണ് മുടങ്ങിയത്. ചുരുങ്ങിയ ദിവസത്തെ സന്ദർശകവിസയിൽ പോകുന്നവരും യാത്ര മുടങ്ങിയതോടെ ദുരിതത്തിലായി. രാവിലെ എത്തിയ യാത്രക്കാർ വൈകുന്നേരം മൂന്നുവരെ വിമാനത്താവളത്തിൽ കാത്തിരുന്നാണ് മടങ്ങിയത്.

വിമാന ടിക്കറ്റ് ആവശ്യാനുസരണം മറ്റൊരു ദിവസത്തേക്ക് മാറ്റിനൽകാമെന്നും കോവിഡ് പരിശോധന മറ്റൊരു ലാബിൽ വീണ്ടും നടത്തണമെന്നും വിമാനക്കമ്പനി അധികൃതർ യാത്രക്കാരെ അറിയിച്ചു. എന്നാൽ വീണ്ടും നടത്തുന്ന പരിശോധനയുടെ ചെലവ് വിമാനക്കമ്പനി വഹിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. ടെർമിനലിൽ ബഹളംവെച്ച യാത്രക്കാരെ പോലീസും സി.ഐ.എസ്.എഫും ഇടപെട്ടാണ് നിയന്ത്രിച്ചത്. യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്ത് നൽകുമെന്ന് വിമാനക്കമ്പനി അറിയിച്ചതായി കിയാൽ അധികൃതർ പറഞ്ഞു.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയ ചില യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് ദുബായ് ഭരണകൂടം നിയന്ത്രണങ്ങൾ കർശനമാക്കിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ ദുബായിൽ എത്തണം.