കൊച്ചി: ബി.എ. എൽ.എൽ.ബി. കോഴ്‌സിലെ ഒന്നാം റാങ്ക്. ഒപ്പം 18 സ്വർണ മെഡലുകളും. മെറിറ്റോറിയസ് സ്റ്റുഡന്റ്, ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്... ഇങ്ങനെ നീളുന്നു നേട്ടങ്ങളുടെ പട്ടിക. യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തിലാദ്യമാണ് ഒരു വിദ്യാർഥി ഇത്രയും നേട്ടങ്ങൾ ഒരുമിച്ച് സ്വന്തമാക്കുന്നതെന്ന് ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി അധികൃതരുടെ വാക്കുകൾ.

എറണാകുളം സ്വദേശിനിയാണ് യമുന മേനോൻ. ഉദയംപേരൂരിൽ താമസിക്കുന്ന എളങ്കുന്നപ്പുഴ തച്ചപ്പിള്ളിൽ മോഹൻകുമാറിന്റെയും ഉഷയുടെയും മകൾ. എൻജിനീയറിങ്ങിലെ സീറ്റുപേക്ഷിച്ചാണ് യമുന നിയമം തിരഞ്ഞെടുത്തത്.

അമ്മയുടെ താത്പര്യത്തിനാണ് എൻജിനീയറിങ് പഠിക്കാൻ തീരുമാനിച്ചതെന്ന് യമുന പറയുന്നു. അതിനിടെ അയൽവാസിയായ ഒരു സീനിയർ അഭിഭാഷകനെ പുസ്തകരചനയിൽ സഹായിക്കാൻ അവസരം കിട്ടി. കോടതി കഥകൾ കേട്ടപ്പോഴാണ് നിയമത്തോട് താത്പര്യം തോന്നിയത്. എൻജിനീയറിങ്ങിലെ സീറ്റുപേക്ഷിച്ച് നിയമം പഠിക്കാൻ തീരുമാനിച്ചു. ആദ്യ ശ്രമത്തിൽ പ്രവേശനം ലഭിച്ചില്ല. മറ്റ് കോഴ്‌സുകൾക്കൊന്നും ചേരാതെ ഒരു വർഷമിരുന്ന് പഠിച്ചു. പ്രവേശന പരീക്ഷയായ ക്ലാറ്റിൽ 28-ാം റാങ്ക് ലഭിച്ചു. 2015-ൽ ബെംഗളൂരുവിൽ കോഴ്‌സിന് ചേർന്നു. പഠന കാലയളവിൽ മൂട്ട് കോർട്ട് മത്സരങ്ങളിലുൾപ്പെടെ സജീവമായിരുന്നു. ലണ്ടനിലും സിങ്കപ്പൂരിലുമെല്ലാം നടന്ന മൂട്ട് കോർട്ട് മത്സരങ്ങളിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചു. നേപ്പാളിലേക്കുള്ള യുവ പ്രതിനിധി സംഘത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചും പങ്കെടുക്കാനായി. കാമ്പസ് പ്ലേസ്‌മെന്റ് വഴി ജോലി ലഭിച്ചെങ്കിലും തുടർപഠനമാണ് ലക്ഷ്യം. കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിൽ സ്കോളർഷിപ്പോടെ എൽ.എൽ.എം. ചെയ്യാനൊരുങ്ങുകയാണ്. അടുത്ത മാസം ക്ലാസ് തുടങ്ങും. പഠന ശേഷം യു.എൻ. പോലുള്ള അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കാനാണ് ആഗ്രഹം.

എട്ടാം ക്ലാസ് വരെ തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാലയത്തിലാണ് യമുന പഠിച്ചത്. ഒൻപതു മുതൽ 12 വരെ എരൂർ ഭവൻസിലും. സ്കൂളിലെ മികച്ച വിദ്യാർഥിയും ഹെഡ് ഗേളുമായിരുന്നു. ഓൺലൈനിലൂടെ കഴിഞ്ഞ ദിവസമായിരുന്നു ബെംഗളൂരു നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയിൽ ബിരുദദാനം.