കണ്ണൂർ: വിവിധ ഗവേഷണസ്ഥാപനങ്ങളുമായി കണ്ണൂർ സർവകലാശാല ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തൃശ്ശൂർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില), പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി സെൻറർ (ഐ.ആർ.ടി.സി.), വയനാട് എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കമ്യൂണിറ്റി അഗ്രോ ബയോഡൈവേഴ്സിറ്റി സെന്റർ (എം.എസ്.എസ്.ആർ.എഫ്.-സി.എ.ബി.സി.) എന്നീ സ്ഥാപനങ്ങളുമായാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്. പഠന-ഗവേഷണ പ്രവർത്തനങ്ങളും വിജ്ഞാനവ്യാപനവും പരിശീലനവും യോജിച്ച് കൊണ്ടുപോകുന്നതിനും ഗവേഷണസ്ഥാപനങ്ങളിലെ മികച്ച സൗകര്യം പരസ്പരം ഉപയോഗിക്കുന്നതിനും ഇതിലൂടെ സാധ്യമാകും.

സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ, പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ. സാബു എന്നിവരുടെ സാന്നിധ്യത്തിൽ സർവകലാശാലയ്ക്കുവേണ്ടി രജിസ്ട്രാർ പ്രൊഫ. ആർ. അനിൽ, ഗവേഷണസ്ഥാപനങ്ങൾക്കുവേണ്ടി ഐ.ആർ.ടി.സി. ഡയറക്ടർ ഡോ. ജെ. സുന്ദരേശൻ പിള്ള, കില ഡയറക്ടർ ഡോ. ജോയ് ഇളമൺ, എം.എസ്.എസ്.ആർ.എഫ്.-സി.എ.ബി.സി. സീനിയർ ഡയറക്ടർ ഡോ. എൻ. അനിൽകുമാർ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. ജോബി കെ. ജോസ്, ഐ.ടി. ഡയറക്ടർ ഡോ. ആർ.കെ. സുനിൽകുമാർ, ഭൗമശാസ്ത്രവകുപ്പ് തലവൻ ഡോ. ടി.കെ. പ്രസാദ്, സർവകലാശാല ബിസിനസ് ഇൻക്യുബേഷൻ സെന്റർ ഡയറക്ടർ ഡോ. യു. ഫൈസൽ, ഐ.ഐ.സി. പ്രസിഡന്റ് ഡോ. സൂരജ്, എം. ബഷീർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.