ഉദുമ: കുണ്ടുകുളം പാറ ഫ്രന്റ്‌സ്‌ ക്ലബ്ബിന് മുൻപിൽ പടർന്നുപന്തലിച്ച ഒരു ആൽമരമുണ്ട്. തറകെട്ടി സംരക്ഷിക്കുന്ന ഈ ആൽമരത്തിന് ക്ലബ്ബ് പ്രവർത്തകർ പേരിട്ടിരിക്കുന്നത് മമ്മദിച്ചാന്റെ ഓർമമരം എന്നാണ്. സ്ഥലപേര് സൂചിപ്പിക്കുന്നതുപോലെ എപ്പോഴും പൊരിവെയിലുള്ള ഇവിടെ ഒരു ആൽമരം വളർന്നാൽ അത് തണലാകുമെന്ന് കണ്ട ഒരു ഗ്രാമീണൻറെ സ്വപ്നമാണ് ക്ലബ്ബ് പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്. ആൽത്തറയിൽ ഫലകവും ക്ലബ്ബ് പതിപ്പിച്ചിട്ടുണ്ട്.

ഉദുമ നാലാംവാതുക്കലിൽ വർഷങ്ങൾക്ക് മുൻപ്‌ സൈക്കിൾ അറ്റകുറ്റപ്പണിചെയ്യുന്ന കട നടത്തിയിരുന്ന ആളാണ്‌ മുഹമ്മദ്. കാൽനൂറ്റാണ്ട് മുൻപ് ഒരു മഴക്കാലത്ത് കാപ്പിൽ പുഴയിൽ മീൻ പിടിക്കാൻ പോയപ്പോൾ അവിടെനിന്ന്‌ വേരോടെ പിഴുതെടുത്ത ആൽമരതൈയുമായി മുഹമ്മദ്‌ തിരിച്ചുവന്നു. തൈ ക്ലബ്ബിനടുത്ത് നടണമെന്ന ആഗ്രഹം പ്രവർത്തകരെ അറിയിച്ചതോടെ എല്ലാവരും ചേർന്ന് ക്ലബ്ബിനടുത്ത് കുഴിയെടുത്ത് തൈ നട്ടു. ക്ലബ്ബ് പ്രവർത്തകർ അതിനെ സംരക്ഷിച്ചു. ആൽമരത്തിനൊപ്പം ക്ലബ്ബും വളർന്നു. ക്ലബ്ബ് പരിധിയിലെ വീട്ടുകാർക്ക് മരണാനന്തര സഹായധനമടക്കം ഇടപെടലുകൾ നടത്തുന്നുമുണ്ട്‌. വിദേശത്തും ക്ലബ്ബിന് അംഗങ്ങളുണ്ട്.

ഇപ്പോൾ ക്ലബ്ബിൻറെ പല പരിപാടികളും ആൽത്തറയിലാണ് നടത്തുന്നത്. ഞായറാഴ്ചകളിൽ മൂന്ന് കുടുംബശ്രീ യൂണിറ്റുകൾ മുടങ്ങാതെ യോഗം കൂടാനെത്തും. കുണ്ടോളംപാറ അങ്കണവാടി പ്രവർത്തിച്ചിരുന്ന സമയത്ത് കുട്ടികൾ കളിക്കുന്നതും ഈ മരത്തണലിലായിരുന്നു. മുഹമ്മദ് ഇല്ലാതായിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും നാട്ടുകാർക്കിടയിൽ ദിവസവും ഇങ്ങനെ ഓർമിക്കപ്പെടുന്നുണ്ടെന്ന് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ് കൃഷ്ണൻ പാറ പറഞ്ഞു.