തിരുവനന്തപുരം : തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ചവിജയം ലക്ഷ്യമിടുന്ന ബി.ജെ.പി. ദേശീയജനാധിപത്യസഖ്യത്തിലെ ഘടകക്ഷികളോട് ഉദാരസമീപനം സ്വീകരിക്കും. ജയസാധ്യതയുള്ള പൊതുസ്ഥാനാർഥികളെ രംഗത്തിറക്കിയാകും മറ്റു രണ്ടുമുന്നണികളെയും എൻ.ഡി.എ. നേരിടുക. പരമാവധി സീറ്റിൽ താമരചിഹ്നത്തിൽത്തന്നെ സ്ഥാനാർഥികളെ മത്സരിപ്പിക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് വിവിധ രാഷ്ട്രീയപ്പാർട്ടികളിൽനിന്നുള്ള പ്രമുഖരും പൊതുസമ്മതരും ബി.ജെ.പിയിലെത്തുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. പാർട്ടിയംഗമെന്നനിലയിലും അനുഭാവിയെന്നനിലയിലും ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവരെയും വിജയസാധ്യതയുള്ളവരെയും മത്സരിപ്പിക്കാനാണ് തീരുമാനം.

പ്രധാനഘടകകക്ഷിയായ ബി.ഡി.ജെ.എസിന് ബി.ജെ.പി.യുമായി ഇപ്പോൾ ഭിന്നതയൊന്നുമില്ല. തെറ്റിപ്പിരിഞ്ഞ സുഭാഷ് വാസുവിനെ സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കുകയെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. അത് നടത്തിക്കൊടുക്കുകയുംചെയ്തു. ഇതൊക്കെയാണെങ്കിലും ബി.ഡി.ജെ.എസ്. നേതാവും എൻ.ഡി.എ. കൺവീനറുമായ തുഷാർവെള്ളാപ്പള്ളിക്ക്‌ എസ്.എൻ.ഡി.പി. യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടയ്ക്കിടെയെടുക്കുന്ന നിലപാടുകൾ നിർണായകമാണ്. അടുത്തിടെ ബി.ജെ.പി. ദേശീയനിർവാഹകസമിതിയംഗം കൂടിയായ പി.കെ. കൃഷ്ണദാസ് വെള്ളാപ്പള്ളിയെക്കണ്ട് ചർച്ചനടത്തിയതോടെ നേതൃത്വം ശുഭപ്രതീക്ഷയിലാണ്.

ദീർഘകാലമായി ഒപ്പമുള്ള പി.സി. തോമസിന്റെ ആവശ്യവും കുറേക്കൂടി അംഗീകാരവും സ്ഥാനമാനങ്ങളുമാണ്. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പിനുമുൻപ് അത്തരം ചർച്ചകൾക്കു സാധ്യത കുറവാണെന്നു ബി.ജെ.പി. നേതാക്കൾ പറയുന്നു. പി.സി. തോമസാകട്ടെ യു.ഡി.എഫിനോട് അടുത്തുകൊണ്ടിരിക്കുകയുമാണ്.