തിരുവനന്തപുരം: എം. ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായതിനുപിന്നാലെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം. നിരവധി അഴിമതികളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്നും അദ്ദേഹം രാജിവെക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശിവശങ്കർ ഒരു രോഗലക്ഷണം മാത്രമാണെന്നും രോഗം മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്‌പ്രിംക്ലർ മുതലുള്ള കാര്യങ്ങൾ പ്രതിപക്ഷം പറഞ്ഞപ്പോൾ മുഖ്യമന്ത്രി പരിഹസിക്കുകയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കർ ചെയ്തുകൂട്ടിയ അഴിമതികൾ ഇനിയും പുറത്തുവരാനുണ്ട്. സ്‍പ്രിംക്ലർ, കെ-റെയിൽ, പമ്പാ മണൽക്കടത്ത്, ബെവ്‌കോ ക്രമക്കേട്, ഇ-മൊബിലിറ്റി എന്നിവയിലൊക്കെ ശിവശങ്കർ മുഖ്യമന്ത്രിയുടെ ആജ്ഞയനുസരിക്കുകയായിരുന്നു. ഇതിലൊക്കെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. നാലുവർഷം പ്രിൻസിപ്പൽ സെക്രട്ടറിയായായിരുന്ന ശിവശങ്കർ കസ്റ്റഡിയിലായതോടെ ഓരോ അഴിമതിയുടെയും പ്രഭവകേന്ദ്രം എവിടെയാണെന്ന് ജനങ്ങൾക്ക് വ്യക്തമായിട്ടുണ്ട്. ഇനി മുഖ്യമന്ത്രിയിലേക്ക് അന്വേഷണഏജൻസികൾ എത്തിച്ചേരണം, മുഖ്യമന്ത്രിയെ ചോദ്യംചെയ്യണം എങ്കിലേ വസ്തുതകൾ പുറത്തുവരൂ. ഇനിയെങ്കിലും മുഖ്യമന്ത്രി രാജിവെച്ച് പോവുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.

ശിവശങ്കറിനെ തുടക്കംമുതൽ ന്യായീകരിച്ചത് മുഖ്യമന്ത്രിയായിരുന്നു. എല്ലാ അഴിമതിക്കേസിലും മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണ് തുടക്കമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നാണ് സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തത്. എം.എൽ.എ.മാർക്കുപോലും കയറാനാവാത്ത മുഖ്യമന്ത്രിയുടെ ഓഫീസിൽ എല്ലാ കള്ളക്കടത്തുകാർക്കും കയറിയിറങ്ങി വിലസാൻ സൗകര്യം കൊടുത്തു. ധാർമികമായും നിയമപരമായും മുഖ്യമന്ത്രിക്ക് ഇനി അധികാരത്തിൽ തുടരാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.