തിരുവനന്തപുരം: ഇടുക്കിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന രണ്ടാം വൈദ്യുതപദ്ധതിയുടെ സാധ്യതാപഠനം പൂർത്തിയായി. റിപ്പോർട്ട് വൈദ്യുതി ബോർഡ് തിങ്കളാഴ്ച മന്ത്രി കെ. കൃഷ്ണൻകുട്ടിക്കു സമർപ്പിക്കും. 2700 കോടി ചെലവിൽ 2028-ൽ പദ്ധതി പൂർത്തിയാക്കാനാവുമെന്നാണ് റിപ്പോർട്ട്.

ചെലവിന്റെ മൂന്നിലൊന്നായ 900 കോടി അടിസ്ഥാനസൗകര്യ വികസനങ്ങൾക്കുള്ള പദ്ധതിവിഹിതത്തിൽ ഉൾപ്പെടുത്തി സർക്കാർ അനുവദിക്കണമെന്ന് ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദേശം ഇപ്പോൾ ആസൂത്രണ ബോർഡിന്റെ പരിഗണനയിലാണ്.

ഇടുക്കി ജലസംഭരണിയിൽനിന്ന് കുളമാവ് തുരങ്കംവഴി വെള്ളം പുതിയ പവർഹൗസിൽ എത്തിക്കും. മൂലമറ്റത്ത് ഇപ്പോഴുള്ള പവർഹൗസിന് 500 മീറ്റർ മാറി പുതിയ ഭൂഗർഭ വൈദ്യുതി നിലയം സ്ഥാപിക്കും. 800 മെഗാവാട്ടാണ് ശേഷി.

200 മെഗാവാട്ട് ശേഷിയുള്ള നാലു ജനറേറ്ററുകൾ സ്ഥാപിക്കും. നിലവിലെ പദ്ധതിക്ക് 2026-ൽ 50 വർഷം തികയും. ഇടുക്കി സുവർണജൂബിലി വിപുലീകരണ പദ്ധതിയെന്നാണ് പുതിയ പദ്ധതിക്കു പേര്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വാപ്‌കോസ് എന്ന ഏജൻസിയാണ് പഠനംനടത്തിയത്.

പുതിയ നിലയം വരുന്നതോടെ രാത്രിയിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനാവും. മഴ കൂടുന്ന സമയം ഇടുക്കി അണക്കെട്ടിൽനിന്ന് ഒഴുക്കിക്കളയുന്ന വെള്ളം ഇതിനു പ്രയോജനപ്പെടുത്താനാവുമെന്നും കണക്കാക്കുന്നു.

സാധ്യതാ റിപ്പോർട്ട് അംഗീകരിച്ചാൽ കേന്ദ്രത്തിൽനിന്നുവേണ്ട 24 അനുമതികളിൽ ഒമ്പതെണ്ണം കിട്ടും. പാരിസ്ഥിതികാഘാത പഠനത്തിന്റെ ആദ്യ ഘട്ടത്തിനുള്ള അനുമതി കിട്ടുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അടുത്ത സെപ്റ്റംബറോടെ ഈ അനുമതികൾ കിട്ടുമെന്നാണ് പ്രതീക്ഷ. 2022 നവംബറിൽ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാവും. 2023-ൽ നിർമാണം തുടങ്ങാനാവുമെന്നും സാധ്യതാപഠനം വ്യക്തമാക്കുന്നു.

പദ്ധതിക്കായി 110 ഹെക്ടർ വനഭൂമി വേണം. നേരത്തേ അനുവദിച്ച ഭൂമിയുടെ ഭാഗമാണിത്. എന്നാൽ, പുതിയ പദ്ധതിയായതിനാൽ വനഭൂമി ഉപയോഗത്തിന് വീണ്ടും അനുമതി വേണ്ടിവന്നേക്കും.