തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ തിങ്കളാഴ്ചമുതൽ പ്ലസ്‌വൺ ക്ലാസുകളും ആരംഭിക്കും. ഇതനുസരിച്ച് സമയക്രമം പരിഷ്കരിച്ചു.

ദിവസവും രാവിലെ 7.30 മുതൽ ഒന്പതുവരെ മൂന്നുക്ലാസുകളാണ് പ്ലസ്‌വണ്ണിനുള്ളത്. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ അതേദിവസം വൈകീട്ട് ഏഴുമുതൽ 8.30 വരെയും രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ പിറ്റേന്ന് വൈകുന്നേരം 3.30 മുതൽ അഞ്ചുവരെയും ആയിരിക്കും.

പ്രീ-പ്രൈമറി വിഭാഗത്തിലുള്ള ‘കിളിക്കൊഞ്ചൽ’ രാവിലെ 11-നും ഒൻപതാം ക്ലാസിന് രാവിലെ 11.30 മുതൽ 12.30 വരെയും (രണ്ട് ക്ലാസുകൾ) ആയിരിക്കും. ഒൻപതാം ക്ലാസ് കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്തദിവസം ഉച്ചയ്ക്ക് ഒന്നുമുതൽ രണ്ടുവരെ പുനഃസംപ്രേഷണം ചെയ്യും.

പ്ലസ്ടുവിന് രാവിലെ ഒന്പതുമുതൽ 11 വരെയും 12.30 മുതൽ 1.30 വരെയുമായി ആറു ക്ലാസുകളാണ് ദിവസവും സംപ്രേഷണം ചെയ്യുക. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ രാത്രി 8.30 മുതലും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ പിറ്റേന്ന് വൈകുന്നേരം അഞ്ചുമുതൽ എട്ടുവരെയും ആയിരിക്കും.

ഒന്നുമുതൽ ഏഴുവരെ ക്ലാസുകളും പത്താംക്ലാസും നിലവിലുള്ള സമയക്രമത്തിൽ സംപ്രേഷണം തുടരും. ഉച്ചയ്ക്ക് 2, 2.30, 3, 3.30, 4, 4.30, 5 എന്നീ സമയങ്ങളിലാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളുടെ സംപ്രേഷണം. കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്തദിവസം രാവിലെ 9.30 മുതൽ ഒന്നുവരെ ഈ ക്ലാസുകൾ ഇതേ ക്രമത്തിൽ പുനഃസംപ്രേഷണം ചെയ്യും.

പത്താംക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 5.30 മുതൽ ഏഴുവരെയാണ്. ഈ ക്ലാസുകൾ അടുത്തദിവസം കൈറ്റ് വിക്ടേഴ്‌സിൽ രാവിലെ ആറുമുതൽ 7.30 വരെയും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ രാവിലെ എട്ടുമുതൽ 9.30 വരെയും പുനഃസംപ്രേഷണം ചെയ്യും.

റെഗുലർ ക്ലാസുകൾ ഉച്ചയ്ക്കുശേഷവും ആരംഭിക്കുന്ന ഘട്ടത്തിൽ സമയക്രമത്തിൽ വീണ്ടും മാറ്റംവരുത്തും. വിവരങ്ങൾ www.firstbell.kite.kerala.gov.in-ൽ ലഭിക്കും.