കലവൂർ: മാരാരിക്കുളം തെക്കുപഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ അമ്മയെയും രണ്ട് ആൺമക്കളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുന്നേൽ ആനി രഞ്ജിത്ത് (54), മക്കളായ ലെനിൻ രഞ്ജിത്ത് (അനിൽ -36), സുനിൽ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെങ്കിലും മക്കളുടെ അമിതമദ്യപാനംമൂലം തമ്മിലുണ്ടാകുന്ന വഴക്കിൽ മനംനൊന്ത് ഇരുവർക്കും വിഷംനൽകി ആനി ജീവനൊടുക്കിയതാകാമെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനവും വഴക്കുമാണു മരണകാരണമെന്നാണ് സ്പെഷ്യൽബ്രാഞ്ച് നൽകിയിരിക്കുന്ന റിപ്പോർട്ട്.

ആനിയെ വീടിന്റെ മുൻവശത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും മക്കളെ രണ്ടുമുറികളിലായി കട്ടിലിൽ മലർന്നുകിടന്ന നിലയിലുമാണു കണ്ടെത്തിയത്. ആനി തൊഴിലുറപ്പു തൊഴിലാളിയും മക്കൾ മത്സ്യത്തൊഴിലാളികളുമാണ്. രണ്ടാഴ്ചത്തെ ജോലിക്കുശേഷം ശനിയാഴ്ചയാണ് കൊച്ചിയിൽനിന്ന് ലെനിൻ വീട്ടിലെത്തിയത്. രാത്രി സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായതായും മദ്യപിച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാകുന്നതു പതിവാണെന്നും അയൽവാസികൾ പറഞ്ഞു. ഞായറാഴ്ച രാവിലെ വീട്ടിൽ ചിട്ടിപ്പണം പിരിക്കാൻചെന്ന അയൽവാസിയായ യുവാവാണ് ആനി തൂങ്ങിനിൽക്കുന്നതു കണ്ടത്. പിന്നീട്, ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ചനിലയിൽ കണ്ടത്. ആനിയുടെ ഭർത്താവ് രഞ്ജിത്ത് ഏഴുവർഷം മുൻപു ഹൃദ്രോഗം ബാധിച്ചാണ് മരിച്ചത്.

അമ്പലപ്പുഴ ഡിവൈ.എസ്.പി. എസ്.ടി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി എസ്.എച്ച്.ഒ. പി.കെ. മോഹിത്, ആലപ്പുഴ സൗത്ത് എസ്.എച്ച്.ഒ. എസ്. അരുൺ, മാരാരിക്കുളം എസ്.എച്ച്.ഒ. എസ്. രാജേഷ്, മണ്ണഞ്ചേരി എസ്.ഐ. കെ.ആർ. ബിജു എന്നിവർ ചേർന്നു മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.