ആലപ്പുഴ: സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ജൈവവൈവിധ്യ പാർക്കുകൾ തുറക്കുന്നു. ആവാസവ്യവസ്ഥയുടെയും ജൈവജാതിയിനങ്ങളുടെയും സംരക്ഷണം ലക്ഷ്യംവെച്ചാണ് പാർക്കുകൾ ഒരുക്കുന്നത്. കാവുകൾ, കണ്ടൽക്കാടുകൾ, പുഴയോരം, തണ്ണീർത്തടങ്ങൾ, തീരപ്രദേശം, കുന്നിൻ പ്രദേശം എന്നിവയുടെ ആവാസവ്യവസ്ഥ നിലനിർത്തുകയാണ് ആദ്യലക്ഷ്യം.

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ചാണ് പാർക്ക് ഒരുക്കുക. പത്തുസെന്റിൽക്കൂടുതൽ സ്ഥലമുണ്ടെങ്കിൽ സൗകര്യമൊരുക്കാൻ സംസ്ഥാന ജൈവവൈവിധ്യബോർഡ് സഹായം നൽകും. ഇതിനുള്ള നടപടി ബോർഡ്‌ തുടങ്ങിക്കഴിഞ്ഞു. പദ്ധതിതയ്യാറാക്കാനും അപേക്ഷ സമർപ്പിക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളിലെ ജൈവപരിപാലന സമിതികളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.

തനതിനങ്ങളായുള്ള ഫലവൃക്ഷങ്ങൾ, വളർത്തുമൃഗങ്ങൾ (വെച്ചൂർ, ചെറുവള്ളി പശുക്കൾ പോലെ ഓരോ പ്രദേശത്തുമുള്ളവ) സ്ഥലത്തുള്ള മറ്റു സസ്യജന്തുജാലങ്ങൾ, വംശനാശ ഭീഷണിനേരിടുന്ന സസ്യജാലങ്ങൾ എന്നിവ പാർക്കിൽ സംരക്ഷിക്കപ്പെടണമെന്നതു നിർബന്ധമാണ്. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ രൂപവത്കരിച്ചിട്ടുള്ള ജൈവപരിപാലന സമിതികൾ നേരിട്ടാണു പദ്ധതി സമർപ്പിക്കുന്നത്. ഇവരുടെ അക്കൗണ്ടിലേക്കാണ് ഫണ്ടും ലഭ്യാമാവുക. അതുകൊണ്ടുതന്നെ പദ്ധതി നടത്തിപ്പിനു വേഗതയുണ്ടാകുമെന്നാണ് അധികൃതർ കണക്കാക്കുന്നത്.

ജൈവ പരിപാലനസമിതികളുടെ റിപ്പോർട്ട്‌ പരിശോധിച്ച് ജൈവവൈവിധ്യ ബോർഡ് പദ്ധതിക്ക് അംഗീകരം നൽകും. ഒരുപാർക്ക് ഒരുക്കുന്നതിന് അഞ്ചുലക്ഷം രൂപ നൽകും. കൂടുതൽ തുക ആവശ്യമെന്നുകണ്ടാൽ അതനുസരിച്ചുള്ള സഹായവും ലഭ്യമാക്കും. ഈ മാസം 30-നു മുൻപു പദ്ധതി സമർപ്പിക്കണമെന്ന് അറിയിപ്പു നൽകിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടത്താനോ, ഉപകരണങ്ങൾ വാങ്ങാനോ അനുവദിക്കില്ല. തദ്ദേശ സ്ഥാപനങ്ങളിലെ തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ സഹകരിപ്പിച്ചാണു പദ്ധതി നടപ്പാക്കേണ്ടത്. പാർക്ക്‌ തുറക്കുന്നതോടെ അതുകാണാനും മനസ്സിലാക്കാനും ആളുകളെത്തുകയും അതിലൂടെ പരിസ്ഥിതി സംരക്ഷണമനോഭാവത്തിൽ മാറ്റമുണ്ടാകുമെന്നാണ് ബോർഡ് വിലയിരുത്തുന്നത്.