തൃശ്ശൂർ: സിറോ മലബാർസഭയിൽ ഏകീകൃത കുർബാന അർപ്പണരീതി നടപ്പാക്കിയ ആദ്യദിവസമായ ഞായറാഴ്‌ച ജില്ലയിലെ മിക്ക പള്ളികളിലും പുതിയരീതിയിൽ കുർബാന അർപ്പിച്ചു. ചിലയിടങ്ങളിൽ പഴയരീതിതന്നെ പിൻതുടർന്നു. പലപള്ളികളിലും പോലീസ് കാവലിലായിരുന്നു കുർബാന. പുതിയ കുർബാനരീതി വേണമെന്നാവശ്യപ്പെട്ടും പഴയത്‌ തുടരണമെന്നാവശ്യപ്പെട്ടും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടായി.

തൃശ്ശൂർ അതിരൂപതയിൽ 225 പള്ളികളിൽ ഇരുപതോളം പള്ളികളിലാണ് പഴയരീതി നടന്നതെന്ന് അതിരൂപത അധികൃതർ പറയുന്നു. എന്നാൽ, നൂറോളം പള്ളികളിൽ പഴയരീതിതന്ന‍െ പിന്തുടർന്നതായി ഇതിനായി വാദിക്കുന്ന വൈദികർ അവകാശപ്പെട്ടു.

കുർബാനമാറ്റം നടപ്പാക്കണമെന്ന് ആർച്ച് ബിഷപ്പിന്റെ കർശനനിർദേശം ഉണ്ടായിരുന്നു. ശനിയാഴ്‌ച രാത്രി ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ വൈദികർ തടഞ്ഞുവെക്കുകയും പഴയരീതി തുടരാൻ സമ്മർദം ചെലുത്തുകയും ചെയ്തിരുന്നു. വെട്ടുകാട് പള്ളിയിൽ പഴയരീതിയിലുള്ള കുർബാന പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധിച്ചു. പുതിയരീതിയിലുള്ള കുർബാന പൂർത്തിയായശേഷമായിരുന്നു പ്രതിഷേധം. പാവറട്ടി തീർത്ഥകേന്ദ്രത്തിൽ പുതിയരീതിയിൽത്തന്നെയാണ് കുർബാന നടന്നത്. എന്നാൽ, മാറ്റത്തോടുള്ള എതിർപ്പ് വികാരി പ്രസംഗത്തിൽ സൂചിപ്പിച്ചതായി വിശ്വാസികൾ പറഞ്ഞു.

കുർബാന പഴയരീതിയിൽത്തന്നെ തുടരാൻ തീരുമാനിച്ച ഇരിങ്ങാലക്കുട രൂപതയിൽ പുതിയ കുർബാനയ്ക്കുവേണ്ടി പ്രതിഷേധം നടന്നു. ഒരു പള്ളിയിൽ ബിഷപ്പിന്റെ നിർദേശം അവഗണിച്ച് പുതിയരീതിയിലുള്ള കുർബാന നടക്കുകയും ചെയ്തു. 134 പള്ളികളാണ് രൂപതയുടെ കീഴിലുള്ളത്. കൊറ്റനെല്ലൂർ പള്ളിയിലാണ് പുതിയരീതിയിൽ കുർബാന നടത്തിയത്. ഇരിങ്ങാലക്കൂട രൂപതയുടെ ഭാഗമായ കടുപ്പശ്ശേരി പള്ളിയിൽ പുതിയ കുർബാനരീതി ആവശ്യപ്പെട്ട് വിശ്വാസികൾ വികാരിയെ തടഞ്ഞു. പോലീസ് എത്തി ഇവരെ നീക്കിയപ്പോൾ സമരം ബിഷപ്പ് ഹൗസിലേക്ക് മാറ്റി.