ആലപ്പുഴ: കേരളത്തിലെ 941 ഗ്രാമപ്പഞ്ചായത്തുകളിൽ ഐ.എസ്.ഒ. 9001 സർട്ടിഫിക്കേഷൻ കിട്ടാത്തതു രണ്ടെണ്ണത്തിനുമാത്രം. ഇടുക്കിയിലെ ഇടമലക്കുടിയും ആലപ്പുഴയിലെ തലവടിയുമാണത്. സ്വന്തമായി കെട്ടിടമില്ലാത്തതാണ് ഇടമലക്കുടിയുടെ പ്രശ്നം. കെട്ടിടം സ്വന്തംപേരിലുള്ളതാണെന്നു തെളിയിക്കാൻ കഴിയാത്തതാണു തലവടിയിൽ തടസ്സമായത്.

ആവശ്യക്കാരെ സ്വീകരിക്കാൻ സൗകര്യം, ഇരിപ്പിടം, കുടിവെള്ളം, സേവനം ഏറ്റവുമെളുപ്പത്തിൽ ചെയ്തുനൽകൽ, ഫയലുകൾ ഒരുമിനിറ്റിനുള്ളിൽ ലഭ്യമാക്കാൻ സംവിധാനം എന്നിവയാണു സർട്ടിഫിക്കേഷൻ കിട്ടിയ പഞ്ചായത്തിലുണ്ടാവുക. ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാളിലാണ് പഞ്ചായത്തുകമ്മിറ്റി ചേരുക.

അധികാരവികേന്ദ്രീകരണത്തിലൂടെ ദേശീയ ശ്രദ്ധപിടിച്ചുപറ്റിയ കേരളം, വൻകുതിച്ചുചാട്ടമാണ് ഐ.എസ്.ഒ. സർട്ടിഫിക്കേഷനിലൂടെയും നടത്തിയിരിക്കുന്നത്. മൂന്നുവർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. 750 ഗ്രാമപ്പഞ്ചായത്തുകളും കിലയുടെ നേതൃത്വത്തിലുള്ള കൺസൽട്ടൻസിയാണ് പൂർത്തിയാക്കിയത്.

അടിസ്ഥാനസൗകര്യങ്ങളുള്ള ഗ്രാമപ്പഞ്ചായത്തിന് ഐ.എസ്.ഒ. പദവി ലഭിക്കാൻ 30,000 രൂപയോളം മതി. എന്നാൽ, ഭൂരിപക്ഷം പഞ്ചായത്തുകളും ഇതിനായി മൂന്നുലക്ഷംമുതൽ അമ്പതുലക്ഷംവരെ രൂപ ചെലഴിച്ചിട്ടുണ്ട്. എ.സി. ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾക്കാണ് കൂടുതൽത്തുക ചെലവഴിച്ചിട്ടുള്ളത്. ഓരോ പഞ്ചായത്തിനുംവേണ്ട സൗകര്യങ്ങൾ അവരവർക്കുതന്നെ നിശ്ചയിക്കാം എന്നതാണ് തുക വ്യത്യസ്തമാകാൻ കാരണം.

പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുവേണ്ടി പഞ്ചായത്ത് അഡീഷണൽ ഡയറക്ടർ എം.പി. അജികുമാറിന്റെ നേതൃത്വത്തിലുള്ളസംഘം നടത്തിയ പരിശ്രമമാണ്‌ കേരളത്തിനു നേട്ടമായത്. അജിത്കുമാറിനു സർക്കാർ ഗുഡ്സർവീസ് എൻട്രിയും നൽകി.