കരിവെള്ളൂർ: സംസ്ഥാനത്തെ പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്കുള്ള (ഡിപ്ലോമ ഇൻ എലമെൻററി എജ്യുക്കേഷൻ -ഡി.എൽ.എഡ്.) 2020-22 വർഷത്തെ പ്രവേശന നടപടികൾ നീളുന്നു. സർക്കാർ, എയ്‌ഡഡ്, സ്വാശ്രയ മേഖലകളിലായി 101 ടി.ടി.ഐ.കൾ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിലേക്ക് പ്രവേശനത്തിന് അപേക്ഷിച്ച അയ്യായിരത്തോളം വിദ്യാർഥികളാണ് മാസങ്ങളായി കാത്തിരിക്കുന്നത്. മുൻവർഷങ്ങളിൽ പ്ലസ്ടു പരീക്ഷാഫലം വന്ന ഉടനെ അപേക്ഷാ നടപടികൾ ആരംഭിക്കുകയും ജൂലായ് അവസാനവാരത്തിൽ ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വർഷം കൊറോണ നിയന്ത്രണങ്ങൾ മൂലം ഓഗസ്റ്റ്‌ 27-നാണ് അപേക്ഷ ക്ഷണിച്ചത്. സെപ്റ്റംബർ 18-ന് മുമ്പ് അപേക്ഷ സമർപ്പിക്കാനും 30-ന് മുമ്പ്‌ പ്രവേശനം പൂർത്തിയാക്കാനും നിർദേശിച്ചിരുന്നു. അതത് ജില്ലാ വിദ്യാഭാസ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടതെങ്കിലും അർഹരായ വിദ്യാർഥികളുടെ പട്ടിക തയ്യാറാക്കേണ്ട ചുമതല പി.എസ്.സി.ക്കാണ്. നാല് സെമസ്റ്ററുകളായിട്ടാണ് ഡി.എൽ.എഡ്. കോഴ്സ് നടക്കുക. ഡി.എൽ.എഡ്. പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഒട്ടേറെ വിദ്യാർഥികൾ ഈ വർഷത്തെ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിച്ചിരുന്നില്ല. ഡിഗ്രി പ്രവേശന നടപടികൾ പൂർത്തിയായതോടെ ഇത്തരം വിദ്യാർഥികൾ കടുത്ത മാനസിക സമ്മർദത്തിലാണ്. രണ്ടാമത്തെ സെമസ്റ്റർ ആരംഭിക്കേണ്ട സമയമായിട്ടും ഡി.എൽ.എഡ്. പ്രവേശന നടപടികൾ തുടങ്ങാത്തതിൽ വിദ്യാർഥികൾക്ക് പ്രതിഷേധമുണ്ട്.