ആലപ്പുഴ: പി.എസ്.സി. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർഥികളും കൊറോണ പശ്ചാത്തലത്തിൽ ആശങ്കയിലായി. വൻതോതിൽ ഒഴിവുകൾ ഉണ്ടാകുന്നുണ്ടെങ്കിലും അവ റിപ്പോർട്ട് ചെയ്യുന്നതിനോ നിയമനം നടത്തുന്നതിനോ കഴിയില്ലെന്നതാണ് ആശങ്ക കൂട്ടുന്നത്.
മാർച്ച് 31ന് വൻതോതിൽ വിരമിക്കലുണ്ടാകും. ഒപ്പം പ്രൊമോഷനും ഉണ്ടാകേണ്ടതാണ്. ഇതനുസരിച്ചാണ് അടിസ്ഥാന തസ്തികകളിൽ നിയമനം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ബഹുഭൂരിപക്ഷം വകുപ്പുകളും നിശ്ചലമാണ്.
കൊറോണ പശ്ചാത്തലത്തിൽ ഇ- വേക്കൻസി സോഫ്റ്റ് വെയർ വഴിയല്ലാതെ ഒരു കമ്യൂണിക്കേഷനും അനുവദനീയമല്ലെന്ന് പി.എസ്.സി. അറിയിപ്പും നൽകിയിട്ടുണ്ട്. പക്ഷേ, അതിനുപോലും കഴിയാത്ത അവസ്ഥയാണുള്ളത്. അതിനിടയിൽ റാങ്ക് പട്ടികയുടെ കാലാവധി രണ്ടു മാസത്തിനകം അവസാനിക്കുന്ന ഉദ്യോഗാർഥികളും ഉണ്ട്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അവസാനഘട്ട നിയമനം ഇവർക്കും പ്രതീക്ഷിക്കാനാവില്ല. വലിയ പ്രതീക്ഷകളോടെ റാങ്ക് പട്ടികയിലെത്തി. ഇനിയൊരു ടെസ്റ്റ് എഴുതാനുള്ള പ്രായപരിധിയും കഴിഞ്ഞു. നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധിയെങ്കിലും നീട്ടിനൽകാനുള്ള സൗമനസ്യം സർക്കാർ കാണിക്കണമെന്ന് ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ റാങ്ക് പട്ടികയിലുള്ളവർ പറയുന്നു.
68/2014 കാറ്റഗറിയിലെ ഇവരുടെ റാങ്ക് പട്ടികയുടെ കാലാവധി രണ്ടു മൂന്നു മാസത്തിനുള്ളിൽ തീരും. വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് ഉദ്യോഗാർഥികളുള്ള 2,322 റാങ്ക് പട്ടികകളാണ് പി.എസ്.സി. യിൽ ഇപ്പോൾ നിലനിൽക്കുന്നത്. പ്രളയകാലത്ത് ചെയ്തതുപോലെ ഈ റാങ്ക് പട്ടികയുടെയെല്ലാം കാലാവധി നീട്ടി നൽകണമെന്നതാണ് ഉദ്യോഗാർഥികളുടെ ആവശ്യം.