എടപ്പാൾ: കൊറോണ നിരീക്ഷണവാർഡുകളാക്കാൻ സ്വന്തം സ്ഥാപനം വിട്ടുനൽകി പ്രവാസി വ്യവസായി സി.പി. ബാവഹാജി. തന്റെ ഉടമസ്ഥതയിലെ മലബാർ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മാണൂരിൽ പ്രവർത്തിക്കുന്ന മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്ററാണ് ഹാജി കൈമാറിയത്. ഇവിടെയുള്ള നൂറോളം മുറികൾ രോഗികളെ കിടത്തി ചികിത്സിക്കാനും നിരീക്ഷണ വാർഡുകളൊരുക്കാനും ഉപയോഗിക്കാനാവും.
ആവശ്യമെങ്കിൽ ട്രസ്റ്റിന് കീഴിൽ ഷൊർണൂരിലും ചേകന്നൂരിലും പ്രവർത്തിക്കുന്ന എൻജിനീയറിങ് കോളേജടക്കമുള്ള മുഴുവൻ സ്ഥാപനങ്ങളും വിട്ടുകൊടുക്കുമെന്നും ഇദ്ദേഹം അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണമൊരുക്കാൻ തന്റെ നാലേക്കറോളം വരുന്ന കൃഷിയിടത്തിലെ ജൈവ പച്ചക്കറികൾ സൗജന്യമായി നൽകാമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ സ്വന്തം മക്കളുടെ വിവാഹത്തിനൊപ്പം നിരവധി പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തും നിർധനരായ വയോധികർക്ക് പ്രതിമാസ പെൻഷൻ നൽകിയും മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.
വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറയ്ക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. അമീന താക്കോൽ ഏറ്റുവാങ്ങി. സെക്രട്ടറി ബാബുരാജ്, തുഫൈൽ മുഹമ്മദ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജോഫ്രി ജേക്കബ് എന്നിവർ പ്രസംഗിച്ചു.