തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ബജറ്റ് ഓൺലൈൻ സെനറ്റ് യോഗം ചേർന്ന് അംഗീകരിച്ചു. ഭരണസ്തംഭനം ഒഴിവാക്കുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ ചേർന്ന യോഗത്തിൽ 48 പേർ പങ്കെടുത്തു.
വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ, രജിസ്ട്രാർ ഡോ. സി.എൽ. ജോഷി, വിനോദ് നീക്കാംപുറത്ത്, ഡോ. എം. മനോഹരൻ എന്നിവർ സർവകലാശാലാ ഭരണകാര്യാലയത്തിലെ സിൻഡിക്കേറ്റ് മുറിയിലും ബാക്കിയുള്ളവർ അവരവരുടെ താമസസ്ഥലത്തുനിന്നുമാണ് പങ്കെടുത്തത്. ധനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പ്രൊഫ. എം.എം. നാരായണൻ ബജറ്റ് അവതരിപ്പിച്ചു. മുൻവർഷത്തെ മിച്ചമുൾപ്പെടെ 66549.06 ലക്ഷം രൂപ വരവും 48620.40 ലക്ഷം രൂപ ചെലവും കണക്കാക്കുന്നതാണ് ബജറ്റ്. ഫെലോഷിപ്പുകൾക്കായി 220 ലക്ഷം രൂപയും മെറിറ്റ് സ്‌കോളർഷിപ്പുകൾക്ക് അഞ്ചുലക്ഷവും മാറ്റിവെച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി യൂണിയൻ ഫണ്ടിലേക്ക് 80 ലക്ഷം വകയിരുത്തി. പഠനവകുപ്പ് യൂണിയന്റെ പ്രവർത്തനത്തിന് മൂന്നരലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സെമിനാറുകൾ, ശില്പശാലകൾ എന്നിവയ്ക്കായി ഒരുകോടി രൂപയുണ്ട്.
വാർഷികറിപ്പോർട്ട് സിൻഡിക്കേറ്റംഗം കെ.കെ. ഹനീഫ അവതരിപ്പിച്ചു. 7252 ബിരുദം, 2388 പി.ജി, 107 പിഎച്ച്.ഡി, 71 എം.ഫിൽ, 88 ഡിപ്ലോമ ഉൾപ്പെടെ മാർച്ച് 27 വരെയുള്ള 9906 ബിരുദങ്ങൾക്ക് അംഗീകാരംനൽകി.
സംസാരിക്കുന്നവർ മാത്രമേ ഓഡിയോ, വീഡിയോ ഓണാക്കാവൂ എന്നതും മറ്റു മൊബൈൽഫോണോ കംപ്യൂട്ടറോ ഒരേസമയം ഉപയോഗിക്കാൻ പാടില്ലെന്നതും അറിയാത്തതുകാരണം യോഗത്തിൽ ചെറിയ സാങ്കേതിക തടസ്സങ്ങളുണ്ടായെങ്കിലും അരമണിക്കൂറിനകം നടപടികൾ പൂർത്തിയാക്കി.