മലപ്പുറം: ലോക്ക്ഡൗൺ കാരണം ജോലിക്ക് ഹാജരാകാൻ കഴിയാത്ത കരാർ-ദിവസവേതന ജോലിക്കാർക്ക് ഈ കാലയളവ് ഓൺഡ്യൂട്ടിയായി കണക്കാക്കി വേതനം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ദിവസവേതന അധ്യാപകർ ഇതിൽനിന്ന് പുറത്തായി. ധനകാര്യവകുപ്പിന്റെ പുതിയ ഉത്തരവാണ് കാരണം. ആയിരക്കണക്കിന് ദിവസവേതനാധ്യാപകർക്ക് ഈ ആനുകൂല്യം നഷ്ടപ്പെടും.
സർക്കാർ ഈ ആനുകൂല്യം പ്രഖ്യാപിച്ചെങ്കിലും ബുധനാഴ്ച ധനവകുപ്പ് ഇറക്കിയ ഉത്തരവുപ്രകാരം ദിവസവേതന അധ്യാപകർ വെക്കേഷൻ കാലത്ത് വേതനത്തിന് അർഹരാകണമെങ്കിൽ ഈ കാലയളവിൽ അവർ എന്തെങ്കിലും ജോലിചെയ്തിരിക്കണം. സാധാരണ ജോലിക്കാർക്ക് ആനുകൂല്യം ലഭിക്കാൻ മാർച്ച് 24 മുതൽ ഏപ്രിൽ 30 വരെയും അധ്യാപകർക്ക് മാർച്ച് 19 മുതൽ മാർച്ച് 31 വരെയും ജോലിചെയ്തിരിക്കണമെന്നാണ് ധനവകുപ്പിന്റെ പുതിയ ഉത്തരവ്. ബാക്കിയുള്ളവരെ ഊ ഉത്തരവ് ബാധിക്കില്ലെങ്കിലും കരാർ അധ്യാപകർക്ക് തിരിച്ചടിയാകും.
അധ്യാപകർക്ക് വെക്കേഷൻ ഏപ്രിൽ ഒന്നുമുതലാണ് തുടങ്ങാറുള്ളത്. കുട്ടികൾ അതിനുമുമ്പേ പോകുമെങ്കിലും ദിവസവേതന അധ്യാപകർക്ക് സാധാരണ അധ്യാപകരുടേതുപോലെ സ്‌കൂളിൽ എന്തെങ്കിലും ജോലിയുണ്ടാകും. എല്ലാ ജോലിയിലും മറ്റധ്യാപകരെപ്പോലെ ഇവരെയും ഉൾപ്പെടുത്തണമെന്ന് നേരത്തേ സർക്കാരിന്റെ ഉത്തരവുണ്ട്. അതുകൊണ്ട് ഏപ്രിൽ ഒന്നുവരെ അവർക്ക് വേതനം ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ കൊറോണയുടെ സാഹചര്യത്തിൽ മാർച്ച് 21 മുതൽ വെക്കേഷൻ തുടങ്ങിയത് ധനവകുപ്പ് ശ്രദ്ധിച്ചിട്ടില്ല. ഈദിവസം മുതൽ അധ്യാപകരും സ്‌കൂളിൽ വരുന്നില്ല. അതുകൊണ്ടുതന്നെ സാധാരണ ഏപ്രിൽ ഒന്നുവരെ ലഭിക്കുന്ന ദിവസവേതനം ഇത്തവണ ലഭിക്കില്ല. ഒന്നാംക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ആയിരക്കണക്കിന് ദിവസവേതനാധ്യാപകർക്ക് വേതനനഷ്ടമുണ്ടാകും.