തിരുവനന്തപുരം: പഞ്ചായത്ത് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനമായ കേരള റൂറൽ എംപ്ലോയ്‌മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി (ക്രൂസ്) ജനറൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 26-നു നടത്തും.

നാമനിർദേശപത്രികകൾ ഓഗസ്റ്റ് 11-വരെ സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 12-നും പിൻവലിക്കാനുള്ള തീയതി 13-നും ആയിരിക്കും. ഒരു ജില്ലയിൽ നിന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരുടെ പ്രതിനിധികളായി രണ്ടുപേർ വീതമാണ് തിരഞ്ഞെടുക്കപ്പെടേണ്ടത്. ക്രൂസിലേക്ക് വരിസംഖ്യ കുടിശ്ശികയില്ലാത്ത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരിക്കുകയുള്ളൂ.

ജനറൽ കൗൺസിൽ തിരഞ്ഞെടുപ്പിന് അതത് ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരായിരിക്കും വരണാധികാരി. ഗ്രാമീണജനതയ്ക്ക് ജീവിതാഭിവൃദ്ധിക്കുതകുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും പ്രവർത്തിക്കുന്ന സ്ഥാപനമാണ് ക്രൂസ്. കൂടുതൽ വിവരങ്ങൾ ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരിൽനിന്നും ലഭ്യമാണെന്ന് ക്രൂസ് മാനേജിങ്‌ ഡയറക്ടർ എച്ച്.ദിനേശൻ അറിയിച്ചു.

ഓഡിയോ പുസ്തകനിർമാണം: പാനൽ തയ്യാറാക്കുന്നു

വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ടോക്കിങ് ബുക്ക് സ്റ്റുഡിയോയിൽ ഓഡിയോ പുസ്തകങ്ങൾ വായിച്ച് റെക്കോഡ് ചെയ്യാൻ പ്രാപ്തരായ വായനക്കാരുടെ പാനൽ തയ്യാറാക്കുന്നു.

ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലോ മറ്റു സാമൂഹികമാധ്യമങ്ങളിലോ കഥകൾ, നോവലുകൾ, പൊതു പുസ്തകങ്ങൾ ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ വായിച്ച് പരിചയമുള്ളവരും ഈ മേഖലയിൽ നിശ്ചിത യോഗ്യതയുള്ളവരുമായ വ്യക്തികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഓഗസ്റ്റ് മൂന്നിനകം വിദ്യാലയവുമായി ബന്ധപ്പെടണം. വിവരങ്ങൾക്ക് ഫോൺ: 8547326805.