കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ റോജി അഗസ്റ്റിൻ‍, ആന്റോ അഗസ്റ്റിൻ, ജോസ്‌കുട്ടി അഗസ്റ്റിൻ എന്നിവരെ അറസ്റ്റുചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അമ്മ മരിച്ചതിനാൽ മരണാനന്തരച്ചടങ്ങ് പൂർത്തിയാകുന്നതുവരെ അറസ്റ്റുചെയ്യരുതെന്ന്‌ നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കുമെന്നും അറിയിച്ചു.

രണ്ടുപേർകൂടി അറസ്റ്റിൽ

സുൽത്താൻബത്തേരി: മുട്ടിൽ മരംമുറിക്കേസിൽ രണ്ടു പ്രതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. മരക്കച്ചവടക്കാരായ മുട്ടിൽ കുട്ടമംഗലം നീലിക്കണ്ടി എടത്തറ എൻ. അബ്ദുൾ നാസർ (61), അമ്പലവയൽ എടക്കൽ ചെവ്വത്താൻ അബൂബക്കർ (38) എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ 70, 71 പ്രതികളാണിവർ. പൊതുമുതൽ നശിപ്പിക്കൽ, മോഷണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തി‌ട്ടുള്ളത്. കേസ് അന്വേഷിക്കുന്ന ബത്തേരി ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.