കോട്ടയം: യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ നിലപാടറിയിക്കാൻ യാക്കോബായ സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ നിർദേശം. ബാവായുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ സെക്രട്ടറി ഫാ. ജോഷി സി.എബ്രഹാമാണ് യാക്കോബായസഭ എപ്പിസ്‌കോപ്പൽ സൂന്നഹദോസ് അംഗങ്ങൾക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചിട്ടുള്ളത്.

പുതിയ കാതോലിക്കയെ വാഴിക്കുന്ന ചടങ്ങിലേക്ക് ഓർത്തഡോക്‌സ് വിഭാഗം, പാത്രിയർക്കീസ് ബാവായെ ക്ഷണിക്കുകയാണെങ്കിൽ എടുക്കേണ്ട നിലപാടുകളാണ് കത്തിൽ പ്രധാനമായും ഉദ്ദേശിച്ചിട്ടുള്ളത്. യാക്കോബായസഭാ സൂന്നഹദോസ് കൂടിയാണ് നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. ശ്രേഷ്ഠ കാതോലിക്കാ ബാവാ മലങ്കരയിലുണ്ടെന്ന ബോധ്യം നിലനിർത്തിവേണം തീരുമാനങ്ങളെടുക്കാനെന്നും കത്തിൽ പറയുന്നു.

പ്രശ്നപരിഹാരത്തിനുള്ള ചില നിർദേശങ്ങൾ പാത്രിയർക്കീസ് ബാവായ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കത്തിൽനിന്ന് വ്യക്തമാകുന്നത്.

ആ നിർദേശങ്ങൾ ചുവടെ-

* കാതോലിക്കാബാവാ ഇനി പൗരസ്ത്യ കാതോലിക്ക ആയിരിക്കില്ല, ഇന്ത്യയുടെ മാത്രം കാതോലിക്ക ആയിരിക്കും.

* സഭാത്തർക്കം നിലനിൽക്കുന്ന സ്ഥലത്ത് ഇനിയും പള്ളികൾ കൈയേറില്ല.

* കോടതിവിധിപ്രകാരം ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കൈവശമായ അമ്പതിലധികം പള്ളികൾ യാക്കോബായ വിഭാഗത്തിന് തിരികെ നൽകും.

* രണ്ടുസഭകളും പരസ്പര ബഹുമാനത്തോടുകൂടി, രണ്ടു റീത്തുകളായി അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിൽ തുടരും.

* കോടതി വ്യവഹാരങ്ങൾ അവസാനിപ്പിക്കും.

* ആകമാന സുറിയാനി സഭയുടെ കാനോൻ നിയമങ്ങൾ ഇരുസഭകൾക്കും ബാധകമായിരിക്കും.

* ഇടവകകൾ വിഭജിക്കുന്നത് പള്ളികളുടെ പൊതുയോഗ തീരുമാനപ്രകാരമാകും.

* ‘മാർത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന’ എന്ന പദവി ഉപേക്ഷിക്കും.

-ഈ നിർദേശങ്ങളിൽ സൂന്നഹദോസ് കൂടി നിലപാടറിയിക്കാനാണ് പാത്രയർക്കീസ് ബാവാ ആവശ്യപ്പെട്ടിട്ടുള്ളത്.