തിരൂർ/ആലുവ/വയനാട്: മുട്ടിൽ മരംമുറിക്കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതികളെ പോലീസ് സംഘം പിന്തുടർന്ന് പിടികൂടി. വയനാട് മുട്ടിൽ വാഴവറ്റ മൂങ്ങനാനിയിൽ റോജി അഗസ്റ്റിൻ (47)‍, സഹോദരങ്ങളായ ആന്റോ അഗസ്റ്റിൻ (32), ജോസ്‌കുട്ടി അഗസ്റ്റിൻ (38), ഡ്രൈവർ എം.വി. വിനീഷ് എന്നിവരെയാണ് കുറ്റിപ്പുറം പാലത്തിൽവെച്ച് പിടികൂടിയത്.

ഇവരുടെ അമ്മ ഇത്താമ അഗസ്റ്റിൻ ബുധനാഴ്ച വെളുപ്പിനു മരിച്ചതറിഞ്ഞ് പ്രതികൾ കാറിൽ തൃശ്ശൂർ ഭാഗത്തുനിന്ന് വയനാട്ടിലേക്കു പോകുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസ് കാത്തിരുന്നു പിടികൂടുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടുമണിയോടെ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബു എടപ്പാളിൽവെച്ച് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. സുദർശനും സംഘത്തിനും കൈമാറി. നാലുപേരെയും ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യംചെയ്തു.

എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് ചോദ്യംചെയ്തത്. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘവും എത്തിയിരുന്നു. പ്രതികളെ എത്തിക്കുംമുമ്പ്‌ പോലീസ് ക്ലബ്ബിൽ എ.ഡി.ജി.പി.യും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രത്യേക യോഗം ചേർന്നു.

നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഡ്രൈവറുടെ പങ്ക് വിശദമായി അന്വേഷിക്കുമെന്നും എ.ഡി.ജി.പി. പറഞ്ഞു. നാലുപേരെയും വ്യാഴാഴ്ച വയനാട്ടിലെത്തിക്കും.

2020 ഒക്ടോബർ 24-ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജ് പരിധിയിൽനിന്ന് അനധികൃതമായി വൻതോതിൽ ഈട്ടിമരങ്ങൾ മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസിൽ ആന്റോ 64-ാം പ്രതിയും റോജി 69-ാം പ്രതിയും ജോസ്‌കുട്ടി 63-ാം പ്രതിയുമാണ്.

പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെപേരിൽ ചുമത്തിയിട്ടുള്ളത്. 701 കേസുകൾ രജിസ്റ്റർ ചെയ്തിട്ടും ആരെയും അറസ്റ്റുചെയ്യാത്തതിനെ ചൊവ്വാഴ്ച ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതികൾ പിടിയിലായത്.

ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: മരംമുറിക്കേസിലെ പ്രതികളെ അറസ്റ്റുചെയ്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അമ്മ മരിച്ചതിനാൽ മരണാനന്തരച്ചടങ്ങ് പൂർത്തിയാകുന്നതുവരെ അറസ്റ്റുചെയ്യരുതെന്ന്‌ നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

അമ്മയുടെ മരണാനന്തരച്ചടങ്ങളിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കുമെന്നും അറിയിച്ചു.

രണ്ടുപേർകൂടി അറസ്റ്റിൽ

സുൽത്താൻബത്തേരി: മുട്ടിൽ മരംമുറിക്കേസിൽ രണ്ടു പ്രതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. മരക്കച്ചവടക്കാരായ മുട്ടിൽ കുട്ടമംഗലം നീലിക്കണ്ടി എടത്തറ എൻ. അബ്ദുൾ നാസർ (61), അമ്പലവയൽ എടക്കൽ ചെവ്വത്താൻ അബൂബക്കർ (38) എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ 70, 71 പ്രതികളാണിവർ. പൊതുമുതൽ നശിപ്പിക്കൽ, മോഷണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തി‌ട്ടുള്ളത്. കേസ് അന്വേഷിക്കുന്ന ബത്തേരി ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റുചെയ്തത്.