തിരുവനന്തപുരം: ഉരുൾപൊട്ടലിൽ ജീവിതംതന്നെ ഒലിച്ചുപോയിട്ടും പതറാതെ അറിവിന്റെ ലോകത്ത് വിജയക്കൊടി പാറിച്ച് ഗോപിക. പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ ഒറ്റരാത്രികൊണ്ട് ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട ജി.ഗോപികയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം. അനാഥത്വത്തിന്റെയും വേദനയുടെയും കാലത്തായിരുന്നു ഗോപികയുടെ പഠനവും പരീക്ഷയും. എന്നാൽ, ഇതിലൊന്നും തളരാതെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മാതാപിതാക്കൾക്കു വിജയാഞ്ജലിയർപ്പിക്കുകയാണ് പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ഗോപിക.

പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ അച്ഛൻ ഗണേശൻ, അമ്മ തങ്കം ഉൾപ്പെടെ ഗോപികയുടെ കുടുംബത്തിലെ 19 പേരാണ് മരിച്ചത്. നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചപ്പോൾ അച്ഛന്റെ സഹോദരിയുടെ മകളായ ലേഖയുടെ പട്ടം ഐറ്റിക്കോണത്തെ വീട്ടിലായിരുന്നു ഗോപിക. അന്ന് ദുരന്തം സംഭവിച്ചതിന്റെ തൊട്ടുമുമ്പാണ് അവൾ അച്ഛനും അമ്മയുമായി അവസാനമായി സംസാരിച്ചത്. പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടുമെന്ന് അവർക്ക് വാക്കുനൽകിയിരുന്നു. ഒറ്റപ്പെടലിൽ ഗോപിക തളർന്നില്ല, ആത്മവിശ്വാസത്തോടെ മുന്നേറി. വിജയത്തേക്കാൾ ഏറെ മാതാപിതാക്കൾക്കു കൊടുത്ത വാക്കുപാലിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗോപിക. കഷ്ടപ്പാടുകൾക്കിടയിലും തനിക്കു പ്രചോദനം നൽകിയ അധ്യാപകർ, സുഹൃത്തുക്കൾ എല്ലാവർക്കും അവൾ നിറകണ്ണുകളോടെ നന്ദി പറഞ്ഞു. ഡോക്ടറാകണമെന്നാണ് ഗോപികയുടെ ആഗ്രഹം. നീറ്റ് പ്രവേശനപ്പരീക്ഷയുടെ പരിശീലനത്തിന്റെ തയ്യാറെടുപ്പിലാണിപ്പോൾ.