തൃശ്ശൂർ‍: പച്ചത്തേങ്ങ സംഭരിക്കാൻ കേന്ദ്രപദ്ധതിയുള്ളപ്പോൾ അത് അവഗണിച്ച് മുന്നോട്ടുപോവാൻ കേരഫെഡിന്റെ ശ്രമം. സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കാൻ ക്വിന്റലിന് 1380 രൂപ സംസ്ഥാനസർക്കാർ നൽകണമെന്ന നിർദേശമാണ് കേരഫെഡ് മുന്നോട്ടുെവച്ചത്. സംസ്ഥാനസർക്കാരിന് അധികബാധ്യത ഉണ്ടാക്കുന്ന നിർദേശമാണിത്. എന്നാൽ, കേന്ദ്ര ഏജൻസിയായ നാഫെഡിന് പച്ചത്തേങ്ങ സംഭരണത്തിൽ ആകർഷകമായ വ്യവസ്ഥകളാണുള്ളത്.

കിലോയ്ക്ക് 28 രൂപയ്ക്ക് സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കാൻ ക്വിന്റലിന് 1300 രൂപ ചെലവുകൾക്കായി നൽകുമെന്നതാണ് ഇതിൽ പ്രധാനം. സംഭരണവിലയുടെ രണ്ടുശതമാനം സർവീസ് ചാർജായി നൽകുകയും ചെയ്യും.

സംഭരിക്കുന്ന പച്ചത്തേങ്ങ കൊപ്രയാക്കുമ്പോൾ കിലോയ്ക്ക് 103.35 രൂപയ്ക്ക് നാഫെഡ് വാങ്ങുകയും ചെയ്യും. നാഫെഡിൽനിന്ന് സംസ്ഥാന ഏജൻസിക്ക് വെളിച്ചെണ്ണയുണ്ടാക്കാൻ കൊപ്ര വിലകൊടുത്ത്‌ വാങ്ങാവുന്നതുമാണ്. കഴിഞ്ഞ മാർ‍ച്ചിലാണ് പച്ചത്തേങ്ങ സംഭരണത്തിന് നാഫെഡിനെ ചുമതലപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്.

ഇപ്പോൾ സംസ്ഥാനത്ത് നടക്കുന്ന നെല്ലുസംഭരണത്തിന്റെ മാതൃകയിലേക്ക് നാഫെഡിന്റെ പച്ചത്തേങ്ങ സംഭരണവും മാറും.

2014-ലാണ് സംസ്ഥാനത്ത് കേരഫെഡിന്റെ സംഭരണം തുടങ്ങിയത്. 2016 വരെയായിരുന്നു ഇത്. എന്നാൽ, ഈ സംഭരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വിജിലൻസ് അന്വേഷണത്തിൽവരെ എത്തിയിരുന്നു.