ഉദുമ (കാസർകോട്) : ഉദുമയിൽനിന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കർണാടകയിലെ റോഡരികിൽ ഉപേക്ഷിച്ചു. ഉദുമയിലെ ലോഡ്ജിൽനിന്ന് കഴിഞ്ഞ രാത്രി തട്ടിക്കൊണ്ടുപോയ അൻവറിനെ (30) ആണ് കേരള-കർണാടക പോലീസ് പിന്തുടരുന്നതറിഞ്ഞ് വഴിയിൽ തള്ളി സംഘം രക്ഷപ്പെട്ടത്.

ഉദുമ പഞ്ചായത്ത് കാര്യാലയത്തിന് എതിർവശത്തുള്ള ലോഡ്ജിൽനിന്നാണ് വ്യാഴാഴ്ച പുലർച്ചെ അൻവറിനെ തട്ടിയെടുത്തത്. ഒപ്പമുണ്ടായിരുന്ന നാസർ, മിഥുലാജ് എന്നിവരെ കത്തികാണിച്ച് ഭയപ്പെടുത്തിയശേഷം 12 അംഗ സംഘം അൻവറിൻറെ കാറിൽതന്നെ കർണാടകയിലേക്ക് തട്ടിക്കൊണ്ടുപോകുകയായിരുന്നു. 8000 രൂപയും രണ്ട്‌ ഫോണും തട്ടിയെടുത്തതായും പരാതിയിലുണ്ട്.

യുവാവിനെയും കൊണ്ട് കർണാടക ഹാസൻ ഭാഗത്തേക്ക് സംഘം നീങ്ങുന്നതായി മനസ്സിലാക്കിയ ബേക്കൽ പോലീസ് ഹാസൻ എ.എസ്.പി. നിശാന്തിനിയെ വിവരമറിയിച്ചു. തുടർന്ന് കർണാടക ഗുരുർ പോലീസ് ഇൻസ്പെക്ടർ സാഗറിൻറെ നേതൃത്വത്തിൽ ഹാസൻ പോലീസിൻറെ സഹായത്തോടെ റോഡിൽ തടസ്സം സൃഷ്ടിച്ചു. ഇതോടെ അൻവറിനെയും പിന്നീട് വാഹനവും ഉപേക്ഷിച്ച്‌ സംഘം രക്ഷപ്പെട്ടു.

തട്ടിക്കൊണ്ടുപോയ സംഘത്തിലുള്ളവരെ തിരിച്ചറിഞ്ഞതായി ഡിവൈ.എസ്.പി. അറിയിച്ചു. വാഹനം കസ്റ്റഡിയിലെടുത്തു. പോലീസ് മേധാവി പി.ബി. രാജീവിൻറെ നിർദേശപ്രകാരം ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽ കുമാർ, എസ്.ഐ.മാരായ രാജീവൻ, ജോൺ, എ.എസ്‌.ഐ. അബൂബക്കർ, സി.പി. ദീപക്, നിശാന്ത്, സജിത്ത്, വിജയൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ബേക്കൽ സി.ഐ. പി. രാജേഷിൻറെ നേതൃത്വത്തിൽ അന്വേഷണം നടക്കും. പണമിടപാട് അടക്കമുള്ള കാര്യങ്ങൾ തട്ടിക്കൊണ്ടുപോകലിനു പിന്നിൽ ഉണ്ടോ എന്നതും അന്വേഷിക്കുമെന്ന് സി.ഐ. പറഞ്ഞു. ഒപ്പമുണ്ടായിരുന്ന നാസറാണ് പരാതി നൽകിയത്.