തിരുവനന്തപുരം: ന്യായത്തിനൊപ്പം നിന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത എതിർപ്പും ഒറ്റപ്പെടുത്തലുമാണ് നേരിട്ടതെന്ന് നിയമസഭാ കൈയാങ്കളിക്കേസിലെ മുൻ സർക്കാർ അഭിഭാഷക ബീനാ സതീഷ്. സി.പി.എം. അനുകൂലികളായ ചില സഹപ്രവർത്തകരും ഭീഷണിപ്പെടുത്തി, കടുത്ത മാനസികസംഘർഷത്തിലാക്കി. അതിൽനിന്നെല്ലാം രക്ഷപ്പെടാൻ ചികിത്സതേടേണ്ട സ്ഥിതിവരെയുണ്ടായി.

പ്രോസിക്യൂട്ടർ എന്നനിലയിൽ നിയമപ്രകാരമുള്ള അവകാശവും ഉത്തരവാദിത്വവുമാണ് നിർവഹിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ പ്രോസിക്യൂട്ടർമാരെ പിന്തുണയ്ക്കേണ്ട ഡയറക്ടർ ജനറൽപോലും സഹായിച്ചില്ല. കോടതിയിൽ എന്താണ് നടന്നതെന്ന് അന്വേഷിച്ചതുമില്ല. വഞ്ചിയൂർ സി.ജെ.എം. കോടതിമുതൽ സുപ്രീംകോടതിവരെ ഈ കേസിൽ പുറപ്പെടുവിച്ച വിധികൾ തന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണെന്നും ബീന പറഞ്ഞു.

കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷയെ പിന്തുണയ്ക്കാത്തതിനെത്തുടർന്ന് ബീനയെ ആലപ്പുഴയിലേക്കുമാറ്റി. ശുചിമുറിപോലുമില്ലാത്ത ഓഫീസിലേക്ക് വനിതയെന്ന പരിഗണനയില്ലാതെയായിരുന്നു മാറ്റം. 21 വർഷത്തെ സർവീസിനിടെ ഒരു മെമ്മോപോലും സ്വീകരിക്കേണ്ട സാഹചര്യമുണ്ടാക്കാത്ത ആളാണ്‌ താനെന്നും ബീന പറഞ്ഞു. നിയമം അറിയുന്നവരെല്ലാം തന്റെ നിലപാടുകളെയാണ്‌ പിന്തുണച്ചത്.

എറണാകുളം എ.സി.ജെ.എം. കോടതിയിൽ ഫയൽചെയ്ത കേസ്, വഞ്ചിയൂർ സി.ജെ.എമ്മിലേക്കു മാറ്റി. അപ്പോൾ പ്രതിഭാഗം അഭിഭാഷകനായി രാജഗോപാൽ എന്നയാളെത്തി. എന്നാൽ, ഈ വിഷയത്തിൽ പ്രതിക്ക് കോടതിയിൽ വാദം പറയാൻ അവകാശമില്ലെന്ന നിലപാട് താൻ സ്വീകരിച്ചു. കോടതി അത് അംഗീകരിച്ചതായും ബീന പറഞ്ഞു.