തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ നാലുമിഷനുകളായ ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നിവയും റീബിൽഡ് കേരള ഇനിഷ്യേറ്റീവും ചേർത്ത് ഏകോപിത നവകരളം കർമപദ്ധതി- 2 രൂപവത്‌കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന ആശയം ഏതാണ്ട് പൂർത്തീകരിച്ചതിനാൽ വിദ്യാഭ്യാസമിഷന്റെ പേര് ‘വിദ്യാകിരണം’ എന്ന് പുനർനാമകരണംചെയ്യും. ഇപ്പോൾ ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽനൽകുന്ന സാഹചര്യത്തിലാണ് പേരുമാറ്റുന്നത്.

നവകേരളം കർമപദ്ധതിയുടെ നടത്തിപ്പിന് മുഖ്യമന്ത്രി അധ്യക്ഷനായും ചീഫ് സെക്രട്ടറി കൺവീനറായും നവകേരളം കർമപദ്ധതി കോ-ഓർഡിനേറ്റർ ജോ. കൺവീനറായും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ, സെക്രട്ടറിമാർ എന്നിവർ അംഗങ്ങളായും നവകേരളം കർമപദ്ധതി സെൽ രൂപവത്‌കരിക്കും.

കർമപദ്ധതിയുടെ രണ്ടാംഘട്ടപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും സംഘടനാസംവിധാനം രൂപപ്പെടുത്തുന്നതിനും ആവശ്യമായ തസ്തികകൾ സൃഷ്ടിക്കും. 88 തസ്തികകൾ മൂന്നുവർഷത്തേക്കാണ് സൃഷ്ടിക്കുക. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും ഏകോപനത്തിനും ഒരു കോ-ഓർഡിനേറ്ററെ നിയമിക്കും.