കുഞ്ചിത്തണ്ണി (ഇടുക്കി): കുഞ്ചിത്തണ്ണി ഹോളി ഫാമിലി പബ്ലിക് സ്കൂളിൽ മാതാപിതാക്കളുടെ മൂന്നാമത്തെ കുട്ടിക്ക്‌ പകുതി ഫീസും നാലാമത്തെ കുട്ടിക്ക്‌ സൗജന്യ പഠനവും ഉറപ്പാക്കുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച പാലാ രൂപതയ്ക്ക് പിന്നാലെയാണ് ഇടുക്കി രൂപതയുടെ കീഴിലുള്ള സ്കൂൾ മാനേജ്മെന്റിന്റെ തീരുമാനം. ഈ വർഷം മുതൽ യോഗ്യരായവർക്ക് ആനുകൂല്യം ലഭിക്കുമെന്ന് മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, അസി. മാനേജർ ഫാ. ജോബി പുളിക്കക്കുന്നേൽ, പ്രിൻസിപ്പൽ ജോസ് ജെ. പുരയിടം എന്നിവർ അറിയിച്ചു.

പ്രോത്സാഹന പദ്ധതികൾ നിയമവിരുദ്ധമല്ലെന്ന് ഡോ. സിറിയക് തോമസ്

പാലാ: പാലാ രൂപതയുടെ കുടുംബ പ്രോത്സാഹന പദ്ധതികൾ രാജ്യത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് വിദ്യാഭ്യാസവിചക്ഷണനും എം.ജി.യൂണിവേഴ്‌സിറ്റി മുൻ‌ വൈസ് ചാൻസലറുമായ ഡോ. സിറിയക് തോമസ് പറഞ്ഞു. പാലാ ബിഷപ്പും രൂപതയും കുടുംബങ്ങളെക്കുറിച്ച് പുതിയ ആശയങ്ങളും തത്ത്വങ്ങളും നിലപാടുകളും മുന്നോട്ടുവെച്ചിട്ടില്ല. നിലവിലുള്ള നിലപാടുകൾക്കനുസൃതമാണ് പ്രോത്സാഹന പദ്ധതികൾ. എന്നാൽ മറിച്ചാണ് പ്രചാരണങ്ങൾ നടക്കുന്നത്.

രാജ്യത്തിന്റെ നിയമങ്ങൾ ഒരു കുടുംബത്തിൽ ഇത്ര കുട്ടികളേ പാടുള്ളൂവെന്ന് ഇന്നുവരെ നിയമപരമായി ക്ലിപ്തപ്പെടുത്തിയിട്ടില്ല. അങ്ങനെ ചെയ്യുന്നത് ഭരണഘടനാമൂല്യങ്ങൾക്ക് നിരക്കുന്നതാണോ എന്നതൊക്കെ ദേശീയ സംവാദങ്ങൾക്ക് വിധേയമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.