കൊച്ചി: ഇലഞ്ഞിക്കടുത്ത് പൊൻകുറ്റിയിൽനിന്ന് പിടിയിലായ കള്ളനോട്ടടി സംഘത്തിന് അന്തസ്സംസ്ഥാന ബന്ധങ്ങളാണുള്ളതെന്ന് കരുതുന്നു. കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്തിട്ടില്ലെന്നും മറ്റൊരു ഏജൻസിക്ക് കൈമാറാൻ ഇരുന്നതാണെന്നുമാണ് പ്രതികൾ നൽകിയ വിവരം.

ഏജൻസി വഴി നോട്ട് തമിഴ്‌നാട്ടിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. അറസ്റ്റിലായവർക്ക് കള്ളനോട്ടടി മാത്രമായിരുന്നു ജോലി. ഇവ നാട്ടിൽ ഉപയോഗിച്ചാൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ അതിനു മുതിരരുതെന്ന് ഇവർക്ക് നിർദേശം ലഭിച്ചിരുന്നു.

നോട്ടടി സംഘത്തിലെ താഴെയുള്ള കണ്ണികളാണ് അറസ്റ്റിലായവർ. എൻ.ഐ.എ.യും ഇന്റലിജൻസ് ബ്യൂറോയും പ്രതികളെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

അറസ്റ്റിലായവരിൽ പലരും സുഹൃത്തുക്കളുടെ സുഹൃത്തുക്കൾ വഴിയാണ് പരിചയപ്പെടുന്നതും നോട്ടടിയിലേക്ക് ഇറങ്ങുന്നതും. നെടുങ്കണ്ടം സ്വദേശി സുനിൽകുമാറിനായിരുന്നു ഇലഞ്ഞി സംഘത്തിന്റെ മുഴുവൻ നിയന്ത്രണം. മറ്റുള്ളവർ നോട്ടടി കേന്ദ്രത്തിൽ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്. ഇവർക്ക് കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്നാണ് കരുതുന്നത്.

പ്രാദേശിക സഹായം ലഭ്യമായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഒമ്പത് മാസമായി സംഘം ഇലഞ്ഞി, പൊൻകുറ്റിയിലെ വാടക വീട്ടിൽ പ്രവർത്തിക്കുകയും 15 ലക്ഷത്തോളം രൂപയുടെ കള്ളനോട്ട് അടിച്ച് ഏജൻസികൾ വഴി കൈമാറുകയും ചെയ്തിട്ടുണ്ട്.

100 വ്യത്യസ്ത നമ്പർ വെച്ചുള്ള പദ്ധതി

നൂറ് വ്യത്യസ്ത നമ്പറുള്ള നോട്ടുകളുടെ ഡിജിറ്റൽ കോപ്പിയെടുത്ത് ഇവ പ്രിന്റ് ചെയ്തെടുക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. ഒരു നോട്ടുകെട്ടിൽ ഒരേ നമ്പറിലുള്ള നോട്ട് വരാതിരിക്കാനായിരുന്നു ഇത്. നമ്പറുകളിൽ തിരുത്തൽ വരുത്തിയിരുന്നില്ല. കള്ളനോട്ട് അടിക്കാൻ പുത്തൻ സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ നിഗമനം. മുമ്പ് പിടികൂടിയിട്ടുള്ള കള്ളനോട്ടിനെക്കാൾ മികച്ച നിലവാരം തോന്നുന്നതാണ് ‘ഇലഞ്ഞി നോട്ടു’കൾ. എന്നാൽ, നോട്ടിന് കനം കുറവാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

കള്ളനോട്ടുകളും നിർമാണ സാമഗ്രികളും പോലീസിന്റെ സംരക്ഷണത്തിൽ

കൂത്താട്ടുകുളം: കള്ളനോട്ട്‌ സംഘം നിർമിച്ച വ്യാജ നോട്ടുകളും നിർമാണ സാമഗ്രികളും മുദ്ര െവച്ച് പോലീസ് സുരക്ഷിത കേന്ദ്രത്തിലാക്കി. ഏഴര ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. അഞ്ച് കളർ പ്രിന്ററുകൾ, ലാമിനേഷൻ ഉപകരണം, കട്ടിങ്‌ യന്ത്രം, പേപ്പർ, പ്ലാസ്റ്റിക് സാധനങ്ങൾ എന്നിവ പ്രത്യേകമായി പെട്ടികളിലാക്കി മുദ്ര െവച്ച നിലയിലാണ്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്.) ആണ് മഹസർ തയ്യാറാക്കിയത്.