തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന കോവിഡ് വാക്സിൻ ക്ഷാമത്തിനു പരിഹാരമായി. ബുധനാഴ്ച രാത്രിയോടെ 9,72,590 ഡോസ് വാക്സിൻ ലഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 8,97,870 ഡോസ് കോവിഷീൽഡും 74,720 ഡോസ് കോവാക്സിനുമാണ്‌ ലഭിച്ചത്.

ലഭ്യമായ വാക്സിൻ എത്രയുംവേഗം വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കോവിൻ പോർട്ടൽ വഴിയുള്ള വാക്സിൻ രജിസ്‌ട്രേഷൻ പുനരാരംഭിച്ചു. സംസ്ഥാനത്ത് ഇപ്പോൾ ലഭിച്ച വാക്സിൻ മൂന്നുനാലു ദിവസത്തേക്ക് മാത്രമേയുള്ളൂ.

ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,90,02,710 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,32,86,462 പേർക്ക് ഒന്നാം ഡോസും 57,16,248 പേർക്ക് രണ്ടാം ഡോസും നൽകി. ജനസംഖ്യയിലെ 37.85 ശതമാനം പേർക്ക് ഒന്നാം ഡോസും 16.28 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.