കൊച്ചി: എറണാകുളം പച്ചാളത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റ് വൈകുന്നത് അറിയിച്ച് ‘ജസ്റ്റിസ് ഫോർ ഡയാന’ ആക്ഷൻ കൗൺസിൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. സ്ത്രീധന പീഡനത്തിന് 23-ന് കേസെടുത്തെങ്കിലും പോലീസ് അറസ്റ്റ് മനഃപൂർവം വൈകിക്കുകയാണെന്ന് കൗൺസിൽ പരാതിയിൽ പറയുന്നു.

പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടാൻ പോലീസ് അവസരം ഒരുക്കി നൽകുകയാണെന്നാണ് ആരോപണം. പ്രതികളുടെ ബന്ധുവായ തൃശ്ശൂരിലെ സബ് ഇൻസ്പെക്ടറുടെ സ്വാധീനം കേസിൽ ഉണ്ടെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പിതാവിന്റെ കാല് പ്രതികൾ തല്ലിയൊടിച്ചിരുന്നുവെന്നും സ്വാധീനമുപയോഗിച്ച് ഡിസ്ചാർജ് സമ്മറിയിൽ പ്രതികൾ തിരുത്തൽ വരുത്തിയെന്നും ആക്ഷൻ കൗൺസിൽ കൺവീനർ കെ.പി. ആൽബർട്ട് പരാതിയിൽ പറയുന്നു. പ്രതികൾ ഒളിവിലാണെന്നാണ് എറണാകുളം നോർത്ത് പോലീസ് ആക്ഷൻ കൗൺസിലിനു നൽകിയ വിശദീകരണം.

പാലാരിവട്ടം ചക്കരപ്പറമ്പ് സ്വദേശിയായ ജോർജിന്റെ മകൾ ഡയാനയെ ആണ് സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചത്. ഭർത്താവ് പച്ചാളം സ്വദേശി ജിപ്‌സണും കുടുംബത്തിനുമെതിരേയാണ് നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കേസിൽ നോർത്ത് ഇൻസ്പെക്ടർ വ്യാഴാഴ്ച തിരുവനന്തപുരത്തെ വനിതാ കമ്മിഷൻ ആസ്ഥാനത്ത് നേരിട്ട് ഹാജരായി വിശദീകരണം നൽകണം. ഉച്ചയ്ക്ക് 2.30-ന് ഹാജരായി വിശദീകരണം നൽകാനാണ് നോട്ടീസ്.