ആലപ്പുഴ: സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ തനതുഫണ്ടുപയോഗിച്ചുള്ള പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ കുറയ്ക്കുന്നു. അംഗീകാരംഭിച്ച ചിലപദ്ധതികൾ പാടേ ഉപേക്ഷിച്ചും ഏറ്റെടുക്കുന്നപദ്ധതികളിൽ ഗുണഭോക്താക്കളുടെ എണ്ണം കുറച്ചും സാമ്പത്തികബാധ്യത കുറയ്ക്കാനാണു ശ്രമം.

സുഭിക്ഷകേരളത്തിന്റേതുൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾ സബ്സിഡി നൽകുന്ന പദ്ധതികൾക്ക് ഇത് തിരിച്ചടിയാകും. സുഭിക്ഷകേരളത്തിലെ വിവിധപദ്ധതികൾക്ക് 40 ശതമാനംവരെ സർക്കാർ സബ്സിഡി നൽകുന്നുണ്ട്. ഇതിന്റെ പകുതി ബന്ധപ്പെട്ടവകുപ്പും ബാക്കി തദ്ദേശസ്ഥാപനവുമാണു നൽകേണ്ടത്. നിലവിലെ സാഹചര്യത്തിൽ പല തദ്ദേശസ്ഥാപനങ്ങൾക്കും ഇതിനുള്ള പണമില്ല. തനത് ഫണ്ട് പലയിടത്തും തീർന്നു.

കോവിഡ് ചികിത്സാകേന്ദ്രങ്ങളുടെയും സമൂഹ അടുക്കളകളുടെയും നടത്തിപ്പ് വൻബാധ്യതയാണു തദ്ദേശസ്ഥാപനങ്ങൾക്കുണ്ടാക്കിയത്. നികുതിവരുമാനം ഇടിയുകയുംചെയ്തു. പലയിടത്തും ശമ്പളം നൽകാൻപോലും പണമില്ലാതായി. ഇതിനിടയിൽ തനതുഫണ്ടുപയോഗിച്ചുള്ള പദ്ധതി ഏറ്റെടുക്കുന്നതു പ്രതിസന്ധി ഇരട്ടിയാക്കുമെന്നാണു വിലയിരുത്തൽ.

കഴിഞ്ഞ സാമ്പത്തികവർഷം നടപ്പാക്കിയപദ്ധതികളുടെ സബ്സിഡിത്തുകപോലും ഗുണഭോക്താക്കൾക്കു നൽകാൻ കഴിയാത്ത തദ്ദേശസ്ഥാപനങ്ങളുണ്ട്. സബ്സിഡി മുടങ്ങിയെന്ന ചീത്തപ്പേരൊഴിവാക്കാനായിരിക്കും ഈ സാമ്പത്തിക വർഷം തദ്ദേശസ്ഥാപനങ്ങളുടെ ശ്രമം.

പ്ലാൻ ഫണ്ടുപയോഗിച്ചുള്ള പദ്ധതികൾ മാത്രമായിരിക്കും ഇക്കുറി കാര്യമായി നടപ്പാക്കുക. കഴിഞ്ഞവർഷത്തെ പ്ലാൻഫണ്ടും മുഴുവനായി ലഭിക്കാത്ത തദ്ദേശസ്ഥാപനങ്ങളുണ്ട്. ബില്ലുമാറി കിട്ടാത്തത്തിനാൽ ഇത്തരം തദ്ദേശസ്ഥാപനങ്ങളിൽ കരാറുകാർ പുതിയപദ്ധതികൾ ഏറ്റെടുക്കാനും മടിക്കുന്നുണ്ടെന്നു തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പറയുന്നു.