കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ നിന്ന് വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി കെ. ബാബു എം.എൽ.എ. യുടെ തിരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇടത് സ്ഥാനാർഥിയായിരുന്ന എം. സ്വരാജ് നൽകിയ ഹർജിയിൽ ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസിന് നിർദേശിച്ചു. കെ. ബാബു അടക്കമുള്ള എതിർ കക്ഷികൾക്ക് നോട്ടീസിനാണ് ജസ്റ്റിസ് വി. ഷെർസി നിർദേശിച്ചിരിക്കുന്നത്. ഹർജി ഓണാവധിക്കു ശേഷം വീണ്ടും പരിഗണിക്കും.

ശബരിമല അയ്യപ്പന്റെ പേരു പറഞ്ഞ് കെ. ബാബു വോട്ട് തേടിയത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. അയ്യപ്പന് ഒരു വോട്ട് എന്നു പറഞ്ഞ് തിരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തു. സ്ലിപ്പിൽ അയ്യപ്പചിത്രവും കെ. ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തിയിരുന്നു.

മത്സരം അയ്യപ്പനും എം. സ്വരാജും തമ്മിലാണെന്ന തരത്തിലും പ്രചാരണം നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു. 992 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തൃപ്പൂണിത്തുറയിൽ ബാബുവിന്റെ വിജയം.