തിരുവനന്തപുരം: രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസിന്റെ അപകടമരണത്തിൽ ദുരൂഹത ആരോപിച്ച് പ്രതിപക്ഷം. എന്നാൽ ദുരൂഹതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം നിയമസഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിലുള്ള വാക്‌പോരിനും വഴിയൊരുക്കി. സഭ നിർത്തിവെച്ച് ചർച്ചചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

റമീസിന്റെ ബൈക്ക് കണ്ടിട്ടാണ്‌ കാർ വലത്തോട്ടുതിരിച്ചതെന്ന് അന്വേഷണമില്ലാതെ മുഖ്യമന്ത്രിക്ക് എങ്ങനെ വ്യക്തമാക്കാനാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ചോദിച്ചു. സ്വർണക്കടത്ത്‌ കേസും കൊലപാതകവും വിഷയമല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വർണം തട്ടിയെടുത്ത കേസിലെ പ്രതിയായ അർജുൻ ആയങ്കിയുടെ പേരു പോലും പറയാൻ മുഖ്യമന്ത്രി മടിക്കുകയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയ ശേഷമാണ് പേരുപോലും പറയാത്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ മുമ്പും സി.പി.എം. ക്വട്ടേഷനുകൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും ജയിലിനകത്തും പുറത്തും സർക്കാർ സ്പോൺസേഡ് ക്രിമിനൽ നടപടികൾ നടക്കുന്നുവെന്നും സതീശൻ ആരോപിച്ചു.

സ്വർണക്കടത്ത് തടയേണ്ടതിന്റെ ഉത്തരവാദിത്വം കേന്ദ്രത്തിനും കസ്റ്റംസിനുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹെൽമെറ്റ് ഇല്ലാതെയാണ് റമീസ് വാഹനമോടിച്ചത്. അശ്രദ്ധമായി ബൈക്ക് തിരിച്ചതാണ് അപകടകാരണം. തലയ്ക്കും വാരിയെല്ലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറ്റവാളികൾ ചെറുതോ വലുതോ എന്നത് പ്രശ്നമല്ല. അവർക്കുമേൽ ശക്തമായ നടപടിയുണ്ടാകും. - മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസിൽനിന്ന് അർജുൻ ആയങ്കിയെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

മുന്നിൽപ്പോയ കാർ പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞതിനാൽ റമീസിന്റെ ബൈക്ക് കാറിന്റെ പിന്നിൽ വലതുവശത്ത് ഇടിച്ചാണ് അപകടമുണ്ടായത് - മുഖ്യമന്ത്രി പിണറായി വിജയൻ

റമീസ് സ്പീഡിൽ വരുന്നതുകണ്ട് കാർ പെട്ടെന്ന് വലത്തോട്ട് തിരിച്ചതാണെങ്കിലോ? അതാണ് അന്വേഷിക്കേണ്ടത് - പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ