കൊല്ലം : ആരോഗ്യസർവകലാശാലയിൽ ഒരു അധ്യയനവർഷത്തിൽ ഏതു കോളേജിലാണോ നിയമനം അവിടെത്തന്നെ ആകണം ആ അധ്യയനവർഷം തീരുംവരെ അധ്യാപകർ പഠിപ്പിക്കേണ്ടതെന്ന് കേരള ആരോഗ്യസർവകലാശാല ഗവേണിങ്‌ കൗൺസിൽ തീരുമാനിച്ചു. ഇതിലൂടെ ഒരു അധ്യാപകൻ ഒന്നിലധികം സ്ഥാപനങ്ങളിൽ ഒരു അധ്യയനവർഷം ജോലിചെയ്യുന്നത് ഒഴിവാക്കാനാകുമെന്നും അതുവഴി പഠനനിലവാരം ഉയർത്താൻ കഴിയുമെന്നുമാണ് കണക്കുകൂട്ടൽ.

ജനുവരി 19-ന് ഇറങ്ങിയ ഉത്തവിനെതിരേ അധ്യാപകസംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ പരിഷ്കാരം അനുസരിച്ചു കൃത്യമായ ശമ്പളം കൊടുക്കാതെയോ, അനുകൂല്യങ്ങൾ നിഷേധിക്കുകയോ ചെയ്താൽപ്പോലും അധ്യാപകർക്ക് പ്രതിഷേധിക്കാനാകില്ല. പിരിച്ചുവിട്ടാൽ മറ്റൊരു സ്ഥാപനത്തെ തൊഴിലിനായി സമീപിക്കണമെങ്കിൽ വീണ്ടും സർവകലാശാലയുടെ അടുത്ത പരിശോധനവരെ കാത്തിരിക്കേണ്ടിവരും. അത്രയുംകാലം തൊഴിൽരേഖകൾ ഒന്നും നൽകാതെവന്നാൽ അധ്യാപകർക്ക് മറ്റു തൊഴിൽമേഖലകളെ ആശ്രയിക്കാനും പറ്റില്ല. ഇത്തരത്തിൽ സ്വകാര്യ മാനേജുമെന്റുകൾ ചൂഷണംചെയ്യാൻ സാധ്യതയുള്ള പരിഷ്കാരമാണിതെന്നാണ് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നത്. അനിവാര്യഘട്ടങ്ങളിൽ സ്ഥലംമാറിപ്പോകാനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാണിത്.

ആരോഗ്യസർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ കോളേജുകളിൽ വിരലിലെണ്ണാവുന്ന കോളേജുകളിൽ മാത്രമാണ് അധ്യാപകർക്ക് ചട്ടപ്രകാരമുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകിവരുന്നത്. കേരള സർക്കാർ രൂപംകൊടുത്ത സ്വാശ്രയ അധ്യാപക നിയമത്തിന്റെ പരിധിയിൽ ആരോഗ്യസർവകലാശാല ഉൾപ്പെടുന്നുമില്ല. അധ്യാപകർക്കുനേരേ മാനേജ്‌മെന്റുകൾ കൈക്കൊള്ളുന്ന നടപടികളിൽ നീതിനിഷേധം ഉണ്ടെങ്കിൽ ആശ്രയിക്കാൻ ഒരു ഫോറംപോലും നിലവിലില്ല. പ്രശ്നപരിഹാരത്തിനായി സിവിൽ കോടതികളെ ആശ്രയിക്കണം.

12500 അധ്യാപകരാണ് മേഖലയിലുള്ളതെന്ന് കേരള ഫാർമസി ടീച്ചേഴ്‌സ് ഫെഡറേഷൻ ഭാരവാഹി പ്രവീൺ പറഞ്ഞു. യുണൈറ്റഡ് നഴ്‌സസ് ഫാക്കൽറ്റി അസോസിയേഷനാണ് പ്രതിഷേധവുമായി രംഗത്തെത്തിയ മറ്റൊരു സംഘടന. ഇൗ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംഘടനകൾ പരാതിനൽകിയിട്ടുണ്ട്.