വൈക്കം: പ്രൊഫഷണൽ നാടകകൃത്തും നടനുമായ വൈക്കം തലയാഴം വടക്കേആലത്തൂരിൽ ആലത്തൂർ മധു(54) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ 6.30-ഓടെ കാണാതിരുന്നതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് സമീപം വീണുകിടക്കുന്ന നിലയിൽ കണ്ടത്. വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച് ഉഷാ ഉദയൻ സംവിധാനം ചെയ്ത ‘അർച്ചനപ്പൂക്കൾ’ എന്ന നാടകത്തിന് 1996-97ലെ മികച്ച നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയേറ്റേഴ്‌സ്, തിരുവനന്തപുരം സാരഥി, തിരുവനന്തപുരം സ്വദേശാഭിമാനി തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകൾക്കായി 70 നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഭൂരിഭാഗവും വൻവിജയമായിരുന്നു.

തൃപ്പൂണിത്തുറ സൂര്യയ്ക്കായി ‘അയോധ്യാകാണ്ഡം’ എന്ന നാടകം രചിച്ചാണ് മധു കലാരംഗത്തേക്ക് കടന്നുവരുന്നത്. 2011-ൽ പക്ഷാഘാതം വന്ന് തളർന്നതോടെ മധു കലാരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഭാര്യ: അംബുജം നാടക നടിയാണ്. എരുമേലി ചക്കിട്ടയിൽ കുടുംബാംഗം. മക്കൾ: ഗോപിക, അർച്ചന. മരുമക്കൾ: ശ്രീജിത്ത്, ഷിബു. ശവസംസ്‌കാരം നടത്തി.