കൊച്ചി: മന്ത്രിക്കൊതി മൂത്ത്‌ ഇടതുതോളിലും വലതുതോളിലും ഭീകരവാദികളെയേറ്റി അധികാരത്തിനുവേണ്ടി പായുകയാണ് മുസ്‌ലിം ലീഗെന്നു ബി.ജെ.പി. ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ. തൃപ്പൂണിത്തുറയിൽ ബി.ജെ.പിയുടെ വിജയയാത്രയിൽ പ്രസംഗിക്കുകയായിരുന്നു അവർ.

പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞത് കണ്ടു, മുസ്‌ലിം ലീഗിനുള്ളത്ര ദേശീയത ഇന്ത്യയിൽ വേറെ ആർക്കുമില്ലെന്നാണ് എം.കെ. മുനീർ പറയുന്നത്. ലീഗിന്റെ അഖിലേന്ത്യാ അധ്യക്ഷസ്ഥാനത്തിരുന്നു സുലൈമാൻ സേട്ട് പാകിസ്താനിൽ പോയി ഇന്ത്യയിൽ മുസ്‌ലിങ്ങൾക്ക് രക്ഷയില്ലെന്ന് പ്രസംഗിച്ചു. സീതി ഹാജി ഉൾപ്പടെയുള്ള പല ലീഗ് നേതാക്കളും പരസ്യമായി പാകിസ്താന് ജയ് വിളിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തീവ്രവാദ സംഘടനായ എസ്.ഡി.പി.ഐ.-വെൽഫയർ പാർട്ടികളുമായി സഖ്യമുണ്ടാക്കിയെന്നും മുനീറിന് മറുപടിയായി ശോഭാ സുരേന്ദ്രൻ പറഞ്ഞു. ലീഗിന്റെ ദേശീയത എന്താണെന്നു ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാമെന്നും ഇനിയെങ്കിലും ലീഗ് തിരുത്താൻ തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.