കൊടുമൺ (പത്തനംതിട്ട): ഈ വർഷത്തെ രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യപേപ്പറുകൾ പരീക്ഷ നടക്കുന്ന ദിവസമേ സ്കൂളിൽ എത്തിക്കൂ. ഇതിനായി സംസ്ഥാനതലത്തിൽ ഒരുക്കം പൂർത്തിയായി.

കഴിഞ്ഞവർഷംവരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, പരീക്ഷ നടക്കുന്നതിന് ദിവസങ്ങൾക്കുമുമ്പേ അതത് സ്കൂളിൽ എല്ലാ പരീക്ഷകളുടെയും ചോദ്യപേപ്പർ എത്തിച്ചിരുന്നു. ഇത്തവണ ബി.ആർ.സി.യുടെ നേതൃത്വത്തിലാണ് ഇവ സ്കൂളുകളിൽ എത്തിക്കുക. ചോദ്യപേപ്പറുകൾ അതത് ബി.ആർ.സി. പരിധിയിൽ ഒരു ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ട്രോങ് റൂമിൽ സൂക്ഷിക്കും. പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ രാവിലെ പ്രത്യേകം വാഹനങ്ങളിലാണ് ഇവ സ്കൂളുകളിലെത്തിക്കുക.

മോഡൽ പരീക്ഷയിൽ ട്രയൽ

തിങ്കളാഴ്ച ആരംഭിക്കുന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം, മാർച്ചിലെ പൊതുപരീക്ഷയുടെ ട്രയൽ ആയിട്ടാണ് നടത്തുന്നത്. പൊതുപരീക്ഷയുടേതുപോലെ ബി.ആർ.സി. പരിധിയിലെ ഒരു സ്കൂളിലാണ് ചോദ്യപേപ്പറുകൾ ഇപ്പോൾ സൂക്ഷിച്ചിട്ടുള്ളത്.

അവിടെനിന്ന്‌ ചോദ്യപേപ്പറുകൾ തിങ്കളാഴ്ച സ്കൂളുകളിലെത്തിക്കും. കവർ മാറി പൊട്ടിക്കുന്നത് ഒഴിവാക്കാൻകൂടിയാണ് ഇത്തവണ അതത് ദിവസത്തെ ചോദ്യപേപ്പറുകൾ മാത്രം സ്കൂളുകളിലെത്തിക്കുന്നത്.