കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത സ്വർണക്കടത്ത് കേസിൽ പി.എസ്. സരിത്തിനും സന്ദീപ് നായർക്കും ജാമ്യം ലഭിച്ചു. കള്ളപ്പണക്കേസുകളുടെ പ്രത്യേക കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ, കസ്റ്റംസിന്റെ കൊഫെപൊസ തടവുകാരായതിനാൽ ഇവർക്ക് പുറത്തിറങ്ങാനാകില്ല. ഇതോടെ ഇ.ഡി. കേസിൽ അറസ്റ്റിലായ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചു. ദുബായിലുള്ള ഫൈസൽ ഫരീദ് മാത്രമാണ് അറസ്റ്റിലാവാനുള്ളത്.

60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വപ്നാ സുരേഷിന് സ്വാഭാവികജാമ്യം നേരത്തേ കോടതി നൽകിയിരുന്നു. മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിന് ഹൈക്കോടതിയും ജാമ്യം അനുവദിച്ചിരുന്നു.

കുറ്റപത്രം സമർപ്പിച്ചതിനാൽ അന്വേഷണസംഘത്തിന് ഇനി കസ്റ്റഡി ആവശ്യമില്ലെന്നതുൾപ്പെടെ പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.