എരമംഗലം(മലപ്പുറം): പുതുപൊന്നാനി-ചാവക്കാട് ദേശീയപാത വെളിയങ്കോട് സ്‌കൂൾപടിയിലുണ്ടായ വാഹനാപകടത്തിൽ ബന്ധുക്കളായ രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ആരോഗ്യപ്രവർത്തകരായ പൊന്നാനി പുഴമ്പ്രം തണ്ടലത്ത് സുഷ (48), ബന്ധുവായ പൊന്നാനി കടവനാട് രാധാഭായ് (72) എന്നിവരാണ് മരിച്ചത്. പൊന്നാനി ഗവ. മാതൃശിശു ആശുപത്രിയിലെ ഹെഡ് നഴ്‌സാണ് സുഷ. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽനിന്ന് വിരമച്ച ഹെഡ് നഴ്‌സാണ് രാധാഭായ്.

സുഷയുടെ ഭർത്താവ് മോഹനൻ (50), സഹോദരൻ പൊന്നാനി കടവനാട് ശശിധരൻ (55), ഇരുവരുടെയും സഹോദരന്റെ മകൻ ജിബിന്റെ ഭാര്യ സുഭി (33), മകൻ അർഷിൽ (മൂന്ന്) എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അർഷിൽ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12.30-നും ഒരുമണിക്കും ഇടയിലാണ് അപകടം. ഗുരുവായൂരിൽനിന്ന് വിവാഹച്ചടങ്ങ് കഴിഞ്ഞുമടങ്ങുകയായിരുന്ന സുഷ, ഭർത്താവ് മോഹനൻ, സഹോദരൻ ശശിധരൻ, സഹോദരി രാധാഭായ് തുടങ്ങിയവർ. ഇവർ സഞ്ചരിച്ചിരുന്ന കാറാണ് ആന്ധ്രാപ്രദേശിൽനിന്ന് എറണാകുളത്തേക്ക് പൈപ്പുകയറ്റി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ലോറിയും മറിഞ്ഞു. മോഹനനായിരുന്നു കാർ ഓടിച്ചിരുന്നത്.

സംഭവസ്ഥലത്തുവെച്ചുതന്നെ രാധാഭായ് മരിച്ചു. സുഷയെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അർഷിലിനെ ആദ്യം വെളിയങ്കോട് സ്വകാര്യ ആശുപത്രിയിലും ഇവിടുന്ന് പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിലും നാട്ടുകാർ കാറിൽ എത്തിക്കുകയായിരുന്നു. അർഷിലിനെ തൃശ്ശൂർ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വരുത്തിയ രണ്ട് ആംബുലൻസുകളും അപകടത്തിൽപ്പെട്ടു. ആദ്യം ചാവക്കാട് അകലാടുനിന്ന് വരുത്തിയ ആംബുലൻസും തുടർന്ന് വരുത്തിയ പുന്നയൂർക്കുളം കൂട്ടായ്‌മയുടെ ആംബുലൻസുമാണ് പുതുപൊന്നാനിയിൽവെച്ചു അപകടത്തിൽപ്പെട്ടത്. മൂന്നാമതൊരു ആംബുലൻസിലാണ് പിന്നീട് തൃശ്ശൂരിൽ എത്തിച്ചത്. മരിച്ചവരുടെ സംസ്കാരം ചൊവ്വാഴ്‌ച മൃതദേഹ പരിശോധനകൾക്കുശേഷം ഉച്ചയോടെ നടക്കും.